തിരുവനന്തപുരം: കേരളത്തിന്‍റെ അർധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വർ ലൈല്‍ വീണ്ടും ചർച്ചയിലേക്ക്.
പുതിയ നിബന്ധനകള്‍ അംഗീകരിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്‍റെ പ്രസ്താവനയാണു പദ്ധതിയെ വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുന്നത്.കേരളം വിശദപദ്ധതി രേഖ (ഡിപിആർ) സമർപ്പിച്ച് നാലുവർഷം കഴിഞ്ഞിട്ടും റെയില്‍വേ ബോർഡോ കേന്ദ്ര സർക്കാരോ അന്തിമാനുമതി ഇതുവരെ നല്‍കിയിട്ടില്ലെങ്കിലും പുതിയ നിബന്ധനകള്‍ അടങ്ങിയ കത്ത് റെയില്‍വേ ബോർഡ് താമസിയാതെ ദക്ഷിണ റെയില്‍വേയ്ക്കും കേരളത്തിനും കൈമാറുമെന്നു സൂചന.
സാങ്കേതിക-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. അബ്ദുറഹിമാനും ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയെ കഴിഞ്ഞ ഒക്‌ടോബർ 16ന് കണ്ടപ്പോള്‍ സില്‍വർ ലൈൻ പദ്ധതിയുടെ കാര്യവും ചർച്ച ചെയ്‌തിരുന്നു.
തുടർന്ന് നടന്ന റെയില്‍വേ ബോർഡ് യോഗത്തില്‍ സില്‍വർ ലൈൻ ചർച്ചയായി. പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ ബോർഡ് അറിയിപ്പ് ഉടൻ ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. അതേസമയം റെയില്‍വേയുടെ പുതിയ നിബന്ധനകളില്‍ ഗേജ്, അലൈൻമെന്‍റ് മാറ്റം ഉള്‍പ്പെടെയുണ്ടാകും. സില്‍വർലൈൻ ട്രാക്കുകള്‍ ബ്രോഡ്ഗേജായി മാറ്റണം.
റെയില്‍വേ ആസൂത്രണം ചെയ്തിട്ടുള്ള മൂന്നും നാലും പാതകള്‍ക്കു ഭൂമി മാറ്റിയശേഷം സില്‍വർലൈനിന് ഭൂമി നല്‍കുന്നതു പരിഗണിക്കും. നിലവിലുള്ള റെയില്‍പാതയുടെ ഒരുവശത്തു മാത്രമായി സില്‍വർലൈൻ ട്രാക്കുകള്‍ വരുന്ന തരത്തില്‍ അലൈൻമെന്‍റ് ക്രമീകരിക്കണം.
സില്‍വർലൈൻ ട്രാക്കില്‍ വന്ദേഭാരത് ട്രെയിനുകളും ഗുഡ്സ് ട്രെയിനുകളും ഓടിക്കാനുള്ള അനുമതി വേണം. നിലവിലുള്ള പാതയുമായി സില്‍വർലൈനിനു നിശ്ചിത കിലോമീറ്റർ പിന്നിടുമ്ബോള്‍ ഇന്‍റർചേഞ്ച് സൗകര്യം ഉണ്ടായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നതാകും പുതിയ നിബന്ധന.
എന്നാല്‍ പുതിയ നിബന്ധനകളിലെ കാര്യങ്ങള്‍ നിലവിലുള്ള ഘടനയെ ബാധിക്കുമെന്നതിനാല്‍ കേരളം ഇതിനെ എങ്ങനെ സ്വീകരിക്കുമെന്നതു പ്രധാനമാണ്. സില്‍വർലൈൻ ട്രാക്കുകള്‍ സ്റ്റാൻഡേഡ് ഗേജില്‍നിന്നു ബ്രോഡ്ഗേജായി പരിഷ്കരിക്കുമ്പോൾ ചെലവ് കൂടും. പുതിയ നിബന്ധനകള്‍ സംബന്ധിച്ച കത്ത് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുമെന്നാണ് കേരള റെയില്‍ ഡവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎല്‍) അധികൃതർ പറയുന്നത്.
അതേസമയം റെയില്‍വേ ബോർഡും സംയുക്ത സംരംഭ കമ്പിനിയായ കെ റെയിലും തമ്മില്‍ ഇപ്പോഴും കത്തിടപാടുകള്‍ നടക്കുന്നുമുണ്ട്. ഈ വർഷം ജനുവരി 16നും കത്തിടപാട് നടന്നു. നിലവിലുള്ള പാത നാലുവരിപ്പാതയാകുമ്പോള്‍ സ്വീകരിക്കേണ്ട ഡിസൈൻ മാനദണ്ഡങ്ങളും ഡിപിആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള ട്രാക്കില്‍നിന്ന് 7.8 മീറ്റർ അകലം പാലിച്ചാണ് സില്‍വർ ലൈൻ അലൈൻമെന്‍റ് നിശ്ചയിച്ചത്. പ്രധാനപ്പെട്ട പാലങ്ങള്‍ വരുന്നിടങ്ങളിലും നിലവിലുള്ള പാതയില്‍നിന്ന് കൃത്യമായ അകലം പാലിച്ചിട്ടുണ്ട്.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേരളം പുതുക്കിയ ഡിപിആര്‍ സമര്‍പ്പിക്കുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
അതേസമയം കെ റെയില്‍ പദ്ധതിയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ സമരം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് കെ റെയില്‍ വിരുദ്ധ സമിതി.
കഴിഞ്ഞ ദിവസം സമര സമിതി വീണ്ടും മുദ്രാവാക്യങ്ങളുയർത്തി കോഴിക്കോട് കാട്ടിലപീടികയിലെ സമര പന്തലില്‍ ഒത്തുചേർന്നു. നവംബർ 13ന് എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധ പ്രകടനവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.