തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന് ചൊവ്വാഴ്ച തിരശീല ഉയരും. ശ്രീ ഗുരുവായൂരപ്പന് ചെമ്പൈ സംഗീത പുരസ്കാര സമര്‍പ്പണവും അന്ന് നടക്കും.,
തുടര്‍ന്നുള്ള 15 ദിനരാത്രങ്ങള്‍ സംഗീത സാന്ദ്രമാകും. കര്‍ണാടക സംഗീത കുലപതി പത്മഭൂഷണ്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാര്‍ഥം ഗുരുവായൂര്‍ ദേവസ്വം നടത്തി വരുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷമാണിത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളാണ് ദേവസ്വം ആസൂത്രണം ചെയ്യുന്നത്.ഡിസംബര്‍ 11നാണ് ഗുരുവായൂര്‍ ഏകാദശി. ദശമി നാളായ ഡിസംബര്‍ 10നാണ് ഗജരാജന്‍ കേശവന് അനുസ്മരണ ദിനം. ദശമി നാളായ ഡിസംബര്‍ 10ന് ഗജഘോഷയാത്ര, ആനയൂട്ട് എന്നിവയോടെ ഗജരാജന്‍ ഗുരുവായൂര്‍ കേശവന് അനുസ്മരണ ദിനം ആചരിക്കും. ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം അറിയിച്ചു.
ചെമ്പൈ സംഗീതോത്സവം സുവര്‍ണ്ണ ജൂബിലി
ഗുരുവായൂര്‍ ഏകാദശിക്ക് വര്‍ഷങ്ങളോളം ഗുരുവായൂരപ്പ സന്നിധിയില്‍ സംഗീതാര്‍ച്ചന നടത്തിയ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ 1974 ഒക്ടോബര്‍ 16നാണ് അന്തരിച്ചത്.
അദ്ദേഹത്തിന്റെ വിയോഗശേഷം ശിഷ്യന്മാരുടെ പങ്കാളിത്തത്തോടെ ആ വര്‍ഷം ദേവസ്വം സംഗീതോത്സവം നടത്തുകയുണ്ടായി. 1975 മുതല്‍ കൂടുതല്‍ വിപുലമായി ദേവസ്വം ചൈമ്പൈ സംഗീതോത്സവം ഏറ്റെടുത്ത് സംഘടിപ്പിച്ചുവരുന്നു.
ഇതിനായി പ്രത്യേക സബ് കമ്മറ്റിയും പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ദേവസ്വം ആസൂത്രണം ചെയ്ത് വരികയാണ്.
സംഗീത സെമിനാര്‍ നവംബര്‍ 24ന്
ചെമ്പൈ സംഗീതോത്സവത്തിന്റെ പ്രാരംഭമായുള്ള സംഗീത സെമിനാര്‍ നവംബര്‍ 24ന് ഞായറാഴ്ച കിഴക്കേ നടയിലെ നാരായണീയം ഹാളില്‍ നടക്കും. പ്രശസ്ത സിനിമാ പിന്നണി ഗായകന് പി. ജയചന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും.
ദേവസ്വം ചെയര്മാന് ഡോ .വി.കെ. വിജയന് അധ്യക്ഷനാകും. 'സംഗീതത്തിലെ ശാസ്ത്രം' എന്ന വിഷയത്തില്‍ ഡോ.അച്യുത് ശങ്കര്‍ എസ് നായര്‍ (ബയോ ഇന്‍ഫര്‍മാറ്റിക്സ് വിഭാഗം, മുന്‍ മേധാവി, കേരള സര്‍വകലാശാല), 'സ്വരപ്രസ്താരത്തിലെ ഗണിത വിന്യാസം' എന്ന വിഷയത്തില്‍ പ്രൊഫ. പാറശാല രവി (റിട്ട. പ്രിന്‍സിപ്പാള്‍, ഗവ. സംഗീത കോളേജ്, തിരുവനന്തപുരം) എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.
ഡോ. ഗുരുവായൂര്‍ കെ.മണികണ്ഠന്, ശ്രീ അമ്പപ്പുഴ പ്രദീപ് എന്നിവര്‍ സെമിനാറില്‍ മോഡറേറ്ററാകും. ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം ആനയടി പ്രസാദ് സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് നന്ദിയും രേഖപ്പെടുത്തും.
വിവിധ സംഗീത കോളേജുകള്‍, സ്കൂള്‍ ഓഫ് ഡ്രാമ, തൃശൂര്‍, എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സംഗീതാസ്വാദകരായ ഭക്തരും സെമിനാറില്‍ പങ്കെടുക്കും.
തംബുരു വിളംബര ഘോഷയാത്ര നവംബര്‍ 25ന്
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ ഭവനത്തില്‍ നിന്ന് നവംബര്‍ 25ന് ഏറ്റുവാങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തോടെ നവംബര്‍ 26 ന് വൈകിട്ട് ആറുമണിയോടെ ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയില്‍ എതിരേല്പ്പോടെ എത്തിച്ച് സംഗീത മണ്ഡപത്തില്‍ സ്ഥാപിക്കും.
ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം മന്ത്രി ആര് ബിന്ദു നിര്‍വഹിക്കും
ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നവംബര്‍ 26 ചൊവ്വാഴ്ച വൈകുന്നേരം ആറിന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് അധ്യക്ഷനാകും.
ചടങ്ങില്‍ വെച്ച് ഈ വര്‍ഷത്തെ ശ്രീ ഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാരം വയലിന് വിദൂഷി സംഗീത കലാനിധി കുമാരി എ. കന്യാകുമാരിക്ക് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് ലഭിച്ച ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം കൂടിയ പി.എസ്. വിദ്യാധരന് മാസ്റ്ററെ ചടങ്ങില്‍ മന്ത്രി ആദരിക്കും.
ചടങ്ങില്‍ എന്‍.കെ.അക്ബര്‍ എം.എല്‍.എ. വിശിഷ്ടാതിഥിയായും ഗുരുവായൂര്‍ നഗരസഭാ ചെയര്മാന് എം.കൃഷ്ണദാസ് മുഖ്യാതിഥിയായും പങ്കെടുക്കും. വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരി നാരായണന് ആശംസ നേരും.
തുടര്‍ന്ന് ശ്രീ ഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാര സ്വീകര്‍ത്താവായ കുമാരി എ. കന്യാകുമാരിയുടെ സംഗീതകച്ചേരി അരങ്ങേറും. ചടങ്ങില്‍ ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി കണ്‍വീനറും ദേവസ്വം ഭരണസമിതി അംഗവുമായ ശ്രീ.കെ.പി. വിശ്വനാഥന് സ്വാഗതം പറയും.
ശ്രീഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാര നിര്‍ണയ സമിതി അംഗവും ദേവസ്വം ഭരണ സമിതി അംഗവുമായ ശ്രീ.സി.മനോജ് പുരസ്കാര സ്വീകര്‍ത്താവിനെയും ദേവസ്വം ഭരണസമിതി അംഗം ശ്രീ .വി.ജി.രവീന്ദ്രന് ദേവസ്വം ആദരവ് ഏറ്റുവാങ്ങുന്ന പി.എസ്. വിദ്യാധരന് മാസ്റ്ററെയും സദസിന് പരിചയപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.