സൗദി അറേബ്യ: വധശിക്ഷയില്‍നിന്ന് മോചനം ലഭിച്ച് സൗദി അറേബ്യയിലെ ജയിലില്‍ തുടരുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ കാണാൻ മാതാവും ബന്ധുക്കളും സൗദിയിലെത്തി.
കോഴിക്കോട്ടുനിന്ന് ഷാർജ വഴി അബഹ വിമാനത്താവളത്തില്‍ എയർഅറേബ്യയുടെ എ195 വിമാനത്തില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് അബ്ദുല്‍ റഹീമിന്റെ മാതാവെത്തിയത്. സൗദി ബാലൻ അബദ്ധത്തില്‍ മരിച്ച സംഭവത്തിലാണ് അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്.അബ്ദുറഹീമിനെ കാണുന്നതിന് മുൻപ് മരിച്ച സൗദി ബാലന്റെ അബഹയിലുള്ള കുടുംബത്തെ കാണാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. ശേഷം ഇവർ റിയാദിലെത്തി ജയിലില്‍ കഴിയുന്ന മകൻ അബ്ദുറഹീമിനെ കാണാൻ ശ്രമം നടത്തും. ഇതിന് ജയില്‍ അധികൃതരുടെ അനുമതിയും ആവശ്യമാണ്. അവധി ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും ഇവർ റിയാദില്‍ എത്തുക. പുണ്യ നഗരിയിലെത്തി ഉംറ നിർവഹിക്കുകയും ചെയ്യും.
സൗദിയിലേക്ക് പുറപ്പെട്ട അബ്ദുല്‍ റഹീമിന്റെ മാതാവും അമ്മാവനും സഹോദരനും സഹോദരിയും സൗദിയിലെ ഏത് ഭാഗത്താണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. അബ്ദുറഹീമിന്റെ ഉമ്മയുടെ വരവ് സംബന്ധിച്ച് നിരവധി വാർത്തകളാണ് പ്രചരിച്ചത്. റിയാദില്‍ ഇറങ്ങുമെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്തയെങ്കില്‍ പിന്നീട് ജിദ്ദയില്‍ ഇറങ്ങുമെന്നായിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമം കുറിച്ച് ഇവർ അബഹയില്‍ എത്തിയെന്നാണ് അവസാനം ലഭിച്ച വിവരം.
അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഈ മാസം 17-നാണ് പുതിയ ബെഞ്ച് പരിഗണിക്കുക. കഴിഞ്ഞ 18 വർഷത്തോളമായി സൗദി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട 34 കോടിയോളം രൂപയ്ക്ക് തുല്യമായ സംഖ്യ ഇതിനകം മോചനദ്രവ്യമായി നല്‍കിയിട്ടുണ്ട്.
ജൂലായ് രണ്ടിന് അബ്ദുല്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയിരുന്നു. ഒക്ടോബർ 21-ന് ജയില്‍ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.