പത്തനംതിട്ട: തൂങ്ങി മരിച്ചെന്നു വിശ്വസിപ്പിച്ച് 15 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് പിടിയിൽ. മലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രനാണ് (52) പിടിയിലായത്.
വർഷങ്ങൾക്കു തമിഴ്നാട്ടിലേക്കു പോയ ഇയാൾ തൃച്ചിയിൽ പറങ്കിമാവുതോട്ടത്തിൽ തൂങ്ങി മരിച്ചെന്നാണ് കരുതിയിരുന്നത്. കാലപ്പഴക്കമുള്ള വാറന്റുകളിലെ പ്രതികളെ പിടികൂടാനുള്ള ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചന്ദ്രൻ കുടുങ്ങിയത്.ഇയാൾക്കെതിരെ 4 മോഷണക്കേസുകൾ നിലവിലുണ്ട്. ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനൻ നായരെ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ചന്ദ്രൻ തൂങ്ങി മരിച്ചതായി അറിഞ്ഞെന്ന് ഇയാൾ കോടതിയിലും പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു.
ശബരിമല കേന്ദ്രമാക്കി മോഷണം ശീലമാക്കിയ ആളാണ് ചന്ദ്രൻ. ഹോട്ടലിൽ പൊറോട്ട വീശുന്നതുൾപ്പെടെയുള്ള ജോലികളിൽ മിടുക്കുള്ള ഇയാൾ ശബരിമല സീസണുകളിൽ ജോലിക്കെന്ന വ്യാജേനയെത്തി മോഷണം നടത്തി മുങ്ങും.
ചന്ദ്രനെന്ന് പേരുള്ള തമിഴ്നാട്ടുകാരനായ ഒരാൾ ശബരിമലയിലെ കടയിൽ പണിയെടുക്കുന്നുണ്ടെന്ന വിവരം പത്തനംതിട്ട സ്റ്റേഷനിലെ സിപിഒ രജിത് പി നായർക്കു ലഭിച്ചു. ഇയാളുടെ മകൻ കായംകുളം മുതുകുളത്തുണ്ടെന്നറിഞ്ഞ പൊലീസ് അവിടെയെത്തി രഹസ്യമായി അന്വേഷണം നടത്തി.
പിന്നീടു നടത്തിയ തിരച്ചിലിൽ കനകക്കുന്ന് ബോട്ട് ജെട്ടിയിൽ നിന്നും പുലർച്ചെ മൂന്നേകാലോടെ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായ പ്രതിയെ സാഹസികമായാണു പൊലീസ് കീഴടക്കിയത്.
പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ മേൽനോട്ടത്തിൽ, പൊലീസ് ഇൻസ്‌പെക്ടർ ഷിബുകുമാർ, എസ്ഐമാരായ ജിനു, ഷിജു പി.സാം, രാജേഷ് കുമാർ, എസ്‌സിപിഒ വിജീഷ്, സിപിഒമാരായ രാജേഷ്, രഞ്ജിത്ത്, സെയ്ദ് അലി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.