മധ്യപ്രദേശ്: റോഡ് ഉപരോധത്തിനിടെ യുവാവിന്റെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥയെ അതേരീതിയില്‍ കൈകാര്യംചെയ്ത് നാട്ടുകാർ. മധ്യപ്രദേശിലെ ടികാംഘട്ടിലെ ബർഗവാൻ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
വനിതാ എസ്.എച്ച്.ഒ. ആയ അനുമേഹ ഗുപ്തയാണ് റോഡ് ഉപരോധിച്ച സംഘത്തിലുണ്ടായിരുന്ന യുവാവിന്റെ മുഖത്തടിച്ചത്. ഇതോടെ നാട്ടുകാർ പ്രകോപിതരായി പോലീസിനുനേരേ തിരിയുകയും നാട്ടുകാരിലൊരാള്‍ പോലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.വാഹനാപകടത്തില്‍ ഗ്രാമത്തിലെ 50-കാരൻ കൊല്ലപ്പെട്ടതും ഇതില്‍ നാട്ടുകാർ പ്രതിഷേധിച്ചതുമായിരുന്നു സംഭവങ്ങളുടെ തുടക്കം. 50-കാരന്റെ മരണത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ അപകടത്തിന് പിന്നാലെ കടന്നുകളഞ്ഞിരുന്നു.
ഇതോടെ മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും ബർഗവാൻ പോലീസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തി. സംഭവത്തില്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും പ്രതിയെ പിടികൂടണമെന്നുമായിരുന്നു
ആവശ്യം. എന്നാല്‍, സംഭവം നടന്നത് ബുധേറ പോലീസ് സ്റ്റേഷൻ പരിധിയിലാണെന്നും അവിടെ പരാതി നല്‍കണമെന്നുമായിരുന്നു പോലീസിന്റെ പ്രതികരണം. ഇത് നാട്ടുകാരെ പ്രകോപിപ്പിച്ചു. തുടർന്ന് നാട്ടുകാർ ബർഗവാൻ-ഖരഗ്പൂർ ഹൈവേ ഉപരോധിച്ചു.
സമരം ഒരുമണിക്കൂറോളം നീണ്ടതോടെയാണ് ഗതാഗതതടസ്സം ഒഴിവാക്കാനായി എസ്.എച്ച്.ഒ. അനുമേഹ ഗുപ്ത സ്ഥലത്തെത്തിയത്. തുടർന്ന് പ്രതിഷേധക്കാരുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടാക്കിയ ഒരു യുവാവിനെ എസ്.എച്ച്.ഒ. മർദിക്കുകയായിരുന്നു.
ഇതോടെ നാട്ടുകാർ പ്രക്ഷുബ്ധരായി പോലീസിനെതിരേ തിരിഞ്ഞു. ഇതിനിടെ നാട്ടുകാരിലൊരാള്‍ സമാനരീതിയില്‍ എസ്.എച്ച്.ഒ.യുടെയും മുഖത്തടിച്ചു. തുടർന്ന് കൂടുതല്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
എസ്.എച്ച്.ഒ. യുവാവിന്റെ മുഖത്തടിക്കുന്നതും തിരിച്ച് എസ്.എച്ച്.ഒ.യെ നാട്ടുകാരിലൊരാള്‍ അടിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ എസ്.എച്ച്.ഒ.യ്ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമർശനമുയരുന്നുണ്ട്.
എസ്.എച്ച്.ഒ.യുടെ പെരുമാറ്റം അനുചിതമായെന്നായിരുന്നു പലരുടെയും അഭിപ്രായം. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.