കോഴിക്കോട്: പരീക്ഷാ സമയത്തിലെ തീരുമാനം പുനഃപരിശോധിക്കാതെ സർക്കാർ. കൂടുതല്‍ സമയവും ദിനങ്ങളുമുള്ള ഹയർ സെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷം വെച്ചതിന് നേരെയുള്ള പ്രതിഷേധത്തോട് വിദ്യാഭ്യാസ വകുപ്പ് മുഖം തിരിക്കുകയാണ്.
പത്താം തരം പരീക്ഷ രാവിലേക്കും രാവിലെത്തെ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ ഉച്ചയ്ക്കും ആക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ പൂർണമായും റമദാനിലാണെന്നതുകൂടി കണക്കിലെടുത്ത് പുനഃക്രമീകരിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം.എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാർച്ച് മൂന്നിനും പ്ലസ് വണ്‍ പരീക്ഷ മാർച്ച് ആറിനുമാണ് തുടങ്ങുന്നത്. പത്താം തരത്തിലേത് രാവിലെ 9.30നാണ് ആരംഭിക്കുക. ഹയർ സെക്കൻഡറി ഉച്ചക്ക് 1.30നും വെള്ളിയാഴ്ച രണ്ടിനും ആരംഭിക്കും. 4.25 ലക്ഷം വിദ്യാർഥികള്‍ പത്താം ക്ലാസിലും ഏഴര ലക്ഷത്തോളം കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയും എഴുതുന്നുണ്ട്.
ഒമ്പത് ദിവസമാണ് പത്താംതരം പരീക്ഷ. രാവിലെ 9.30ന് തുടങ്ങി മൂന്നെണ്ണം ഒഴികെ 11.15ന് സമാപിക്കും. ഇംഗ്ലീഷ്, സോഷ്യല്‍ സയൻസ്, ഗണിതം എന്നിവ 9.30ന് തുടങ്ങി 12.15നാണ് തീരുക.
ഹൈസ്കൂള്‍ അധ്യാപകരില്‍ ഒരു വിഭാഗത്തിന് മാത്രമാണ് എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇൻവിജിലേഷൻ ഡ്യൂട്ടി ഉണ്ടായിരിക്കുക. മാത്രമല്ല പാർട്ട് ഒന്ന്, പാർട്ട് രണ്ട് എന്നീ പേപ്പറുകളുടെ ദിവസം മാത്രം ഒന്നിലേറെ വിഷയങ്ങള്‍ ഉണ്ടാകും.
പത്താം തരം ചോദ്യപ്പേപ്പർ പ്രത്യേക കേന്ദ്രത്തില്‍ നിന്ന് എത്തിക്കുന്നതിനാല്‍ പരീക്ഷാ നടത്തിപ്പുകാരായ ചീഫ്, ഡെപ്യൂട്ടി ചീഫ് എന്നിവർ രാവിലെ ഏഴു മണിക്കെങ്കിലും സ്കൂളില്‍ ഹാജരാകണം. വിദൂര ദിക്കില്‍ നിന്ന് എത്തേണ്ട അധ്യാപകർക്ക് നേരത്തെ പുറപ്പെട്ടാലേ ചോദ്യക്കടലാസ് പരീക്ഷാ കേന്ദ്രത്തില്‍ എത്തി സ്വീകരിക്കാനാകൂ.
ഹയർ സെക്കൻഡറി പരീക്ഷ18 ദിവസം നീണ്ടു നില്‍ക്കുന്നതാണ്. ഇരട്ടി വിദ്യാർഥികള്‍ എഴുതുന്ന പരീക്ഷയുമാണ്. ഇൻവിജിലേഷൻ ഡ്യൂട്ടിക്കായി മുഴുവൻ ഹയർ സെക്കൻഡറി അധ്യാപകരെയും നിയോഗിക്കുന്നതിന് പുറമെ യു.പി, എല്‍.പി. അധ്യാപകരെയും നിയോഗിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. പത്താം തരത്തിലേത് മൂന്നെണ്ണം ഒഴികെ ഒന്നര മണിക്കൂറിന്റേതാണെങ്കില്‍ ഹയർ സെക്കൻഡറിയിലെ പരീക്ഷ ചുരുങ്ങിയത് രണ്ടേകാല്‍ മണിക്കൂറിന്റേതാണ്.
ഒരേ പരീക്ഷാറൂമില്‍ പല വിഷയക്കാരുണ്ടാകുന്നിതിനാല്‍ ഹയർ സെക്കൻഡറി പരീക്ഷക്ക് 2.45 മണിക്കൂർ എടുക്കും. ഭിന്നശേഷിക്കാരായ വിദ്യാർഥികള്‍ മിക്കയിടങ്ങളിലും ഉള്ളതിനാല്‍ പിന്നെയും അര മണിക്കൂർ കഴിഞ്ഞാലേ പരീക്ഷ അവസാനിക്കൂ.
തുടർന്ന് പേപ്പറുകള്‍ തിട്ടപ്പെടുത്തി സീലും ഒപ്പും വെച്ച് ചീഫിനെ ഏല്‍പിക്കണം. എല്ലാ റൂമിലെയും പേപ്പറുകള്‍ എത്തിക്കഴിഞ്ഞാലും ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ ദിവസവും ഒന്നിലേറെ പേപ്പറുകളുടെ പരീക്ഷയുണ്ട്.
അവ വേർതിരിച്ച് നടപടി പൂർത്തിയാക്കണം. എല്ലാം കഴിഞ്ഞ ഓരോ വിഷയത്തിന്റെയും ബണ്ടിലുകള്‍ തയാറാക്കി വിലാസം എഴുതുമ്ബോഴേക്ക് സന്ധ്യയാവും. പരീക്ഷാ പേപ്പറുകള്‍ അതത് ദിവസം തന്നെ തപാല്‍ ചെയ്യേണ്ടതാണെന്നിരിക്കെ എല്ലാദിവസവും പായ്ക്കറ്റുകള്‍ തയാറാകും മുമ്പേ തപാല്‍ ഓഫിസ് അടയ്ക്കും. സ്കൂളില്‍തന്നെ പേപ്പർ സൂക്ഷിക്കുന്നത് അധ്യാപകർക്ക് കടുത്ത സമ്മർദത്തിന് ഇടയാക്കും.
പരീക്ഷാ ജോലിക്കായി നിയോഗിക്കപ്പെട്ടവരില്‍ പകുതിയിലേറെ വനിതകളാണ്. പത്താം ക്ലാസ് പരീക്ഷ ഉച്ചയ്ക്ക് ശേഷം ആക്കുന്നതാണ് ഗുണകരം എന്നാണ് അധ്യാപക ബഹുജന സംഘടനകള്‍ ഒരുപോലെ ചൂണ്ടിക്കാട്ടുന്നത്. അപ്പോഴും ഇതൊന്നും കേള്‍ക്കാത്ത മട്ടിലാണ് വിദ്യാഭ്യാസ വകുപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.