കൊച്ചി : പഞ്ചവടിപ്പാലം എന്ന് കുപ്രസിദ്ധി നേടിയ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ പ്രൊസിക്യൂഷന് അനുമതി നല്‍കാതെ സര്‍ക്കാര്‍.
മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഓ സൂരജ് എന്നിവരുടെ വിചാരണക്ക് അനുമതി നല്കുന്നതിലാണ് ഒളിച്ചുകളി.മൂന്ന് വര്‍ഷം മുമ്പ് കുറ്റപത്രം തയ്യാറായതാണെങ്കിലും പ്രോസിക്യൂഷൻ അനുമതി കിട്ടാത്തതിനാല്‍ കോടതിയില്‍ സമപ്പിക്കാൻ കഴിയാത്ത ഗതികേടിലാണ് വിജിലൻസ്.
യുഡിഎഫിനെതിരെ ഇടതുമുന്നണി ഉയര്‍ത്തിക്കൊണ്ടു വന്ന പ്രധാന വിഷയങ്ങളില ഒന്നായിരുന്നു പാലാരിവട്ടം പാലം അഴിമതിക്കേസ്. 42 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പാലം മാസങ്ങള്‍ക്കകം തകരാറിലായി. പഞ്ചവടിപ്പാലം എന്ന പേരും വീണു.
അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും കരാറുകാരായ ആര്‍ഡിഎക്സും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലൂടെ ഖജനാവില്‍ നിന്ന് തട്ടിയെടുത്തത് എട്ടരക്കോടി രൂപയാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ വിജിലൻസ് അന്വേഷണം പൂര്‍ത്തിയാക്കി. ഒന്നാംപ്രതി കരാറുകാരായ ആര്‍ഡിഎക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയല്‍ ഒന്നാം പ്രതിയാണ്.
മുൻ മന്ത്രി വി കെ ഇബ്രാംഹികുഞ്ഞ്,നിര്‍മാണ ചുമതലയുണ്ടായിരുന്ന റോഡ്സ് ആന്റ് ബ്രിഡ്ജ്സ് ഡെവലപമെന്റ് കോര്പറേഷന് മുൻ എംഡി മുഹമ്മദ് ഹനീഷ്, പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഓ സൂരജ് എന്നിവരടക്കം പ്രതിപ്പട്ടികയിലുണ്ട്
കുറ്റപത്രം പൂര്‍ത്തിയായ ശേഷം പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലൻസ് കത്ത് നല്‍കുന്നത് മൂന്ന് വര്‍ഷം മുമ്പാണ്. മുൻ മന്ത്രി എന്ന നിലയില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ വിചാരണക്ക് അനുമതി നല്‍കേണ്ടത് ഗവര്‍ണറാണ്.
ഐഎഎസ് ഉദ്യോഗസ്ഥരായതിനാല്‍ മുഹമ്മദ് ഹനീഷിനും ടി ഓ സൂരജിനുമെതിരെ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരും. പക്ഷെ നാളിതുവരെ ഒരു പ്രതികരണവും വിജിലന്‍സിന് ലഭിച്ചിട്ടില്ല.
വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ഫയല്‍ ചില സംശയനിവാരണത്തിനായി തിരികെ സര്‍ക്കാരിലേക്ക് അയച്ചുവെന്നാണ് രാജ് ഭവൻ വൃത്തങ്ങള്‍ അറിയിച്ചത്. സര്‍ക്കാര്‍ പക്ഷെ പിന്നീട് പ്രതികരിച്ചിട്ടില്ല.
മുഹമ്മദ്ഹനീഷിന്റെയും സൂരജിന്റെയും കാര്യത്തില്‍ ഫയല്‍ ഇപ്പോഴും ദില്ലിയില്‍ തന്നെ. ഫലത്തില്‍ എന്നെങ്കിലും അനുമതി വരുമെന്നതും കാത്ത് കൊച്ചിയിലെ വിജിലൻസ് യൂണിറ്റില്‍ പൊടിപിടിച്ചിരിക്കുകയാണ് കുറ്റപത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.