യുകെ : ബ്ലാക്ബേണിലെ ജോലിക്കിടെയുള്ള അപകടത്തില്‍ മലയാളി യുവാവ് സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതുന്നു എന്ന അത്യന്തം സങ്കടകരമായ വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. കടുത്തുരുത്തി സ്വദേശിയായ യുവാവാണ് തലയ്ക്കേറ്റ ആന്തരിക പരുക്കുകളെ തുടര്‍ന്ന് ജീവന് വേണ്ടി മല്ലിടുന്നത്.
ഒരു വര്‍ഷം മുന്‍പ് കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ കുടുംബത്തെ തേടിയാണ് ഇത്തവണയും ദുരന്തം കൂട്ടിനു വന്നിരിക്കുന്നത്. ഭാര്യയ്ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നണ് കടുത്തുരുത്തിക്കാരനായ യുവാവും അതേ നഴ്സിംഗ് ഹോമില്‍ ജോലിക്ക് കയറുന്നത്. സാധാരണ ഇത്തരം സ്ഥാപനങ്ങളിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ഹാന്‍ഡിമാന്‍ എന്നറിയപ്പെടുന്ന മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് ജോലിയാണ് യുവാവ് ചെയ്തിരുന്നത്.കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെ കയറിയ യുവാവ് ഉയരത്തില്‍ നിന്നും തെന്നി വീഴുക ആയിരുന്നു എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്. ഉടന്‍ വിദഗ്ധ ചികിത്സാ ലഭിക്കുന്ന പ്രെസ്റ്റന് ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വിധം പരുക്കുകള്‍ ഗുരുതരമാണ് എന്ന് പറയപ്പെടുന്നു.
പുറമേയ്ക്ക് കാര്യമായ പരുക്കുകള്‍ ഒന്നും ഇല്ലാത്ത യുവാവിന് തലയ്ക്ക് കാര്യമായ പരുക്കേറ്റതോടെ നിസ്സഹായരാവുകയാണ് വൈദ്യ സംഘം. പ്രതീക്ഷകള്‍ വേണ്ടെന്ന സൂചന നല്കി കുട്ടികളെ അടക്കം ഇന്നലെ ആശുപത്രിയില്‍ എത്തിച്ചു കാണിക്കുക ആയിരുന്നു. വൈദികരെത്തി യുവാവിന് വേണ്ടി ആശുപത്രിയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. ജീവന് രക്ഷാ ഉപകരണ സഹായത്തോടെ ജീവന് നിലനിര്‍ത്തുന്നത് കാനഡയില്‍ നിന്നും സഹോദരന് എത്തുന്നതിനു വേണ്ടിയാണു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ചെന്ന സൂചനയും പുറത്തു വരുന്നുണ്ട്. എന്തെങ്കിലും അത്ഭുതം സംഭവിക്കണമേയെന്ന പ്രാര്‍ത്ഥനയിലാണ് ഇപ്പോള്‍ ബ്ലാക്ക്ബേണ്‍ മലയാളി സമൂഹം.
അതിനിടെ പുതുതായി യുകെയില്‍ എത്തുന്ന മലയാളി യുവാക്കള്‍ ജോലി സ്ഥലങ്ങളില്‍ പരിചിതം അല്ലാത്ത സാഹചര്യത്തില്‍ തുടര്‍ച്ചയായ അപകടത്തില്‍ പെടുന്നു എന്ന കാര്യവും ഓര്‍മ്മിപ്പിക്കുകയാണ് ബ്ലാക്ക്ബേണ്‍ അപകടം. ഇക്കഴിഞ്ഞ ജൂണില്‍ അങ്കമാലിയിലെ കാലടി സ്വദേശിയായ റീഗന് എന്ന യുവാവ് ബെഡ്ഫോര്‍ഡ്ഷയറിലെ സാന്‍ഡി എന്ന സ്ഥലത്തുള്ള വെയര്‍ഹൗസ് ജോലിക്കിടെ ഉള്ള അപകടത്തില്‍ മരണപ്പെട്ടിരുന്നു. കാര്യമായ തൊഴില്‍ പരിശീലനം ലഭിക്കാതെയാണ് റീഗന് ഉള്‍പ്പെടെയുള്ള മലയാളി യുവാക്കള്‍ ഇവിടെ നേപ്പാളി സ്വദേശികളുടെ കൂടെ ജോലിക്കെത്തിയിരുന്നത്.കടുത്ത ജോലി ഭാരം മൂലം പിറ്റേന്ന് മുതല്‍ ജോലിക്ക് പോകുന്നില്ല എന്ന് റീഗന് തീരുമാനിച്ചിരിക്കെയാണ് അപകടം ദുരന്തമായി എത്തി യുവാവിന്റെ ജീവന് അപഹരിക്കുന്നത്. പൊതുവെ തൊഴില്‍ ഇടങ്ങളില്‍ അപകടങ്ങള്‍ കുറവുള്ള ബ്രിട്ടനില്‍ കോവിഡിന് ശേഷം പരിശീലന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ അപകടം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ എത്തുന്ന സാഹചര്യത്തില്‍ തന്നെയാണ് മലയാളി യുവാക്കളുടെ അപകടങ്ങളും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.