തേഞ്ഞിപ്പാലം: ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന സയന്‍സ് സ്ലാം വിജ്ഞാനപ്രേമികള്ക്ക് പുതിയ ദിശാബോധം നല്‍കുന്നതായി. 'സയന്‍സ് ജനങ്ങളിലേക്ക്' എന്ന പേരില്‍ ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്ക സയന്‍സ് പോര്‍ട്ടലും കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എസ്. സ്വാമിനാഥന് ചെയറുമായിച്ചേര്ന്ന് നടത്തിയ പരിപാടിയാണ് കാണികളെ ഒരുപോലെ ആകര്‍ഷിച്ചത്.
സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. സി.സി. ഹരിലാല്‍ ഉദ്ഘാടനംചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്, സെനറ്റംഗം ഡോ. ഹരികുമാരന്‍ തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സി. ബിജീഷ്, സ്നേഹ ദാസ്, സി. അഞ്ജലി, ഡോ. വി. ദീപ, സെലിന് റൂത്ത് എന്നിവരാണ് വിജയികള്‍. ഇവര്‍ ഡിസംബര്‍ 14-ന് പാലക്കാട് ഐ.ഐ.ടിയില്‍ നടക്കുന്ന ഫൈനലില്‍ മത്സരിക്കും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡാ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നന് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു.
ആനകള്‍ക്ക് മുറിവുണ്ടായാല്‍ ആരുണക്കുമെന്ന ചോദ്യത്തിന് ആനതന്നെ ഉണക്കുമെന്നാണ് മറുപടി. കേരളത്തിലെ നാട്ടാനകളുടെ എണ്ണം 2010-ല്‍ 710 ആയിരുന്നു. ഈ വര്‍ഷം അത് 300 ആയി. ഇതിന് കാരണം മുറിവുകളാണ്. ശാസ്ത്രീയമല്ലാത്ത നാട്ടുവൈദ്യരീതികള് പലപ്പോഴും വിപരീതഫലമാണുണ്ടാക്കുന്നത്. മുറിവുകളുടെ ആഴംകൂട്ടി മരണത്തിലേക്കുവരെ നയിക്കുന്നൂവെന്ന് ചുരുക്കം. മുറിവുകളില്‍ പറ്റിക്കിടക്കുന്ന അണുക്കളെ ശാസ്ത്രീയരീതിയില്‍ നശിപ്പിച്ച് വൃത്തിയാക്കിക്കൊടുക്കുകയാണ് മനുഷ്യന് ചെയ്യേണ്ടത്. 33 വര്‍ഷം ചികിത്സാരീതികള്‍ പഠിച്ചതിലൂടെയാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.-ഡോ. ടി. ഗിഗ്ഗിന് (മണ്ണൂത്തി കേരള അഗ്രികള്‍ച്ചര്‍ സര്‍വകലാശാലാ കമ്മ്യൂണിക്കേഷന്‍ സെന്റര്‍)
കൂണുകളെക്കുറിച്ച് കേരളത്തില്‍ ഒരുപിടി അന്ധവിശ്വാസങ്ങളുണ്ട്. കൂണുകളുടെ കാര്യത്തില്‍ ആവശ്യം ശാസ്ത്രീയമായ അറിവുകളും വര്ഗീകരണവുമാണ്. പ്രധാനമായും രണ്ട് തരത്തിലാണ് വിഷക്കൂണുകളെ തിരിച്ചറിയുക. കണ്ണില്‍ കാണുന്ന സവിശേഷതകളുള്ള മാക്രോമോര്ഫോളജിയും അതല്ലാത്ത മൈക്രോ മോര്‍ഫോളജിയും. കേരളത്തില്‍ വിഷക്കൂണുകളായി കണ്ടെത്തിയത് 40 എണ്ണമാണ്. ഇതില്‍ പത്തെണ്ണം കഴിച്ചാല്‍ മരണം വരെയുണ്ടാകാം. 12 എണ്ണം ലഹരിപോലെ ഉപയാഗിക്കുന്നവയാണ്. ബാക്കിയുള്ളവ ദഹനസംബന്ധമായ പ്രശ്നങ്ങളുമുണ്ടാക്കുന്നവയുമാണ്.-സി. ബിജീഷ് (ജവഹര്‍ലാല്‍ നെഹ്റു ട്രോപിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, തിരുവനന്തപുരം)
ഭൂഗര്‍ഭ ജലത്തിന്റെ ഗുണം നിര്‍ണ്ണയിക്കുന്നതില്‍ കല്ലിനുമുണ്ട് കാര്യം. കല്ലും വെള്ളവും തമ്മിലുള്ള അയോണുകളുടെ കൈമാറ്റമാണ് കാരണം. കിഴക്കന്‍ പാലക്കാട്ടുള്ള നൈസ് കല്ലുകള്‍ ഇതിനുള്ള ഉദാഹരങ്ങളാണ്. ഒന്നരവര്‍ഷം നടത്തിയ ഗവേഷണത്തില്‍ വിവിധ കാലങ്ങളില്‍ അവിടെയുള്ള കല്ലുകളും വെള്ളവും ശേഖരിച്ചു. പരിശോധനയിലൂടെ ബോധ്യപ്പെട്ടത് കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ അളവ് വെള്ളത്തില്‍ കൂടുതലാണെന്നാണ്. ഇത് പ്രദേശത്തെ വെള്ളത്തെ മലിനമാക്കുന്നു.-ഡോ. പി.വി. തനൂജ (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡിവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്)
അര്‍ബുദ രോഗികള്‍ കൂടുന്ന ഇക്കാലത്ത് ഗുച്ചി കൂണുകള്‍ ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ വാതിലുകളാണ് തുറന്നിടുന്നത്. കീമോ ചികിത്സകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ട്. അതില്‍ ഹൃദയസംബന്ധമായ പ്രശ്നം പലരിലും കണ്ടുവരുന്നു. ഇതിനെതിരേ ഉപയോഗിക്കാവുന്ന മികച്ച പ്രതിരോധങ്ങളിലൊന്നാണ് ഗുച്ചി കൂണുകള്‍. കേരളത്തില്‍ അധികമില്ലാത്ത ഈയിനം കാശ്മീരിലാണ് കൂടുതലുള്ളത്. ചൈനക്കാര്‍ വര്‍ഷങ്ങളായി അവരുടെ ജീവിതത്തിന്റെ ഭാഗമായി ഈ കൂണുകളെ ഉപയോഗിക്കുന്നുണ്ട്.-സ്നേഹ ദാസ് (അമല കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ സൊസൈറ്റി, തൃശ്ശൂര്‍ )
നമ്മുടെ ചുറ്റുമുള്ളവരുടെ ഓരോ ചലനം മുതല്‍ ഹൃദയമിടിപ്പുവരെ വൈദ്യുതിയാക്കി മാറ്റാവുന്ന സാങ്കേതികവിദ്യ നാനോ ടെക്നോളജിയുണ്ടാക്കാം. നാനോ ജനറേറ്റര്‍ എന്ന കുഞ്ഞന്‍ യന്ത്രത്തിലൂടെയാണിത്. അഞ്ച് സെന്റീമീറ്റര്‍ വലിപ്പം മാത്രമാണിതുണ്ടാകുക. നാനോ ജനറേറ്ററിലൂടെ നടത്തിയ പരീക്ഷണത്തില്‍ 300 എല്‍.ഇ.ഡി. ബള്‍ബുകള്‍ വരെ കത്തിക്കാന്‍ സാധിച്ചു. എ.ഐ. സാങ്കേതികവിദ്യ കൂടിയെത്തിയാല്‍ ഇവയുടെ ഉത്പാദനം വലിയൊരളവില്‍ കൂട്ടാനാകും.-എസ്. വരുണ്‍ (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കെമിക്കല്‍ എന്‍ജിനിയറിങ്, എന്‍.ഐ.ടി. കാലിക്കറ്റ്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.