തിരുവനന്തപുരം: ഈ കാലഘട്ടത്തിന് ഏറ്റവും പ്രാധാന്യമേറിയ വിഷയമാണ് നൈപുണ്യ വികസനം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൈപുണ്യ വികസനത്തിന് പ്രഥമ പരിഗണനയാണ് നൽകി വരുന്നത്.
നൈപുണ്യ വികസന രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ നിലവിൽ 108 ഐ.ടി.ഐകളും, 9 ആർ.ഐ. സെന്ററുകളും, ഉൾപ്പെടെ 120 ഓളം സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നു. ഈ 108 ഐ.ടി.ഐകളിൽ 14 വനിതാ ഐ.ടി.ഐ.കളും ഉൾപ്പെടുന്നു.
ഐക്യ കേരളം രൂപീകൃതമായ അവസരത്തിൽ ചാക്കയിലും ധനുവച്ചപുരത്തും മാത്രമാണ് രണ്ട് ഐ.ടി.ഐ. കൾ പ്രവർത്തിച്ചു വന്നിരുന്നത്. ആയിരത്തി തൊള്ളായിരത്തി അമ്പത്തിയാറ് മുതൽ രണ്ടായിരത്തി അഞ്ച് വരെയുള്ള കാലഘട്ടത്തിൽ പുതുതായി 31 ഐ.ടി.ഐ. കൾ കൂടി നിലവിൽ വന്നു. രണ്ടായിരത്തി ആറിൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലഘട്ടത്തിലാണ് ചരിത്ര നേട്ടമായി തന്നെ 40 ഐ.ടി.ഐ. കൾ സംസ്ഥാനത്ത് അനുവദിക്കപ്പെട്ടത്.
രണ്ടായിരത്തി പതിനൊന്ന് മുതൽ പതിനാറ് വരെയുള്ള കാലഘട്ടത്തിൽ വെറും 9 ഐ.ടി.ഐ. കൾ മാത്രമാണ് അനുവദിക്കപ്പെട്ടത്. തുടർന്നു വന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ 22 ഐ.ടി.ഐ. കൾ സംസ്ഥാനത്ത് അനുവദിക്കപ്പെട്ടു. കേന്ദ്ര സർക്കാർ സാമ്പത്തികമായി കടുത്ത അവഗണന സംസ്ഥാനത്തോട് കാണിക്കുന്ന ഈ സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിലും നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പുതുതായി 4 ഐ.ടി.ഐ. കൾ അനുവദിക്കുന്നതിന് സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരം നേമം, പാലക്കാട് തൃത്താല, മലപ്പുറം തവനൂർ, തൃശ്ശൂർ ഒല്ലൂർ എന്നീ നിയോജകമണ്ഡലങ്ങളിലാണ് പുതിയ ഐ.ടി.ഐകൾ അനുവദിച്ചത്.
ഈ സർക്കാരിന്റെ കാലയളവിൽ വകുപ്പിന്റെ കീഴിലുളള 21 സ്ഥാപനങ്ങളിൽ വിവിധ തരത്തിലുളള കെട്ടിട ഉദ്ഘാടനം നടന്നു. 6 സ്ഥാപനങ്ങളിൽ പുതിയ കെട്ടിട നിർമ്മാണത്തിനായി തറക്കല്ലിടൽ നടന്നു. നിലവിൽ വകുപ്പിന് കീഴിലുളള 91 ഐ.ടി.ഐകളിൽ നൈപുണ്യ കർമ്മസേനയും, 19 ഐ.ടി.ഐകളിൽ പ്രൊഡക്ഷൻ സെന്ററുകളും, 33 ഐ.ടി.ഐകളിൽ ഗ്രീൻ ക്യാമ്പസും നടപ്പിലാക്കി.
പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ 10 ഐ.ടി.ഐ.കളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 90 കോടി രൂപ കിഫ്ബി മുഖേന അനുവദിച്ചു. അതിൽ 7 ഐ.ടി.ഐ. കളുടെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനവും നിർവ്വഹിക്കുകയുണ്ടായി.
ഈ സർക്കാരിന്റെ കാലയളവിൽ കളമശ്ശേരിയിൽ റീജിയണൽ സ്റ്റാഫ് ട്രെയിനിംഗ് സെന്റർ സ്ഥാപിച്ചു. ആറ്റിങ്ങൽ, കൊട്ടാരക്കര, മയ്യനാട്, ചാത്തന്നൂർ എന്നീ 4 ഐ.ടി.ഐ. കളിൽ ഡ്രൈവർ കം മെക്കാനിക് ട്രേഡിന്റെ 2 യൂണിറ്റുകൾ വീതം പ്രവർത്തനം ആരംഭിക്കുകയും, ആയതിലേയ്ക്കായി 8 ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളും സൃഷ്ടിക്കുകയും ചെയ്തു.
വകുപ്പിന് കീഴിലുളള 104 ഐ.ടി.ഐ.കളിൽ പഠിക്കുന്ന പഠിതാക്കൾക്ക് ന്യൂട്രീഷ്യൻ, ന്യൂൺ മീൽ പദ്ധതി, ഇൻഷ്വറൻസ് പദ്ധതി എന്നിവ നടപ്പിലാക്കി. കെട്ടിടനിർമ്മാണത്തിനായി 5 ഐ.ടി.ഐ.കൾക്ക് ഈ സർക്കാരിന്റെ കാലത്ത് ഭൂമി ലഭ്യമാക്കി.
ജോബ് ഫെയറുകളും ക്യാംപസ് റിക്രൂട്ട്മെന്റുമായി രണ്ടായിരത്തി ഇരുപത്തിയൊന്നിൽ ആറായിരത്തി എണ്ണൂറ് ട്രെയിനികൾക്കും രണ്ടായിരത്തി ഇരുപത്തി രണ്ടിൽ നാലായിരത്തി എഴുന്നൂറ്റി അറുപത്തി മൂന്ന് ട്രെയിനികൾക്കും, രണ്ടായിരത്തി ഇരുപത്തി മൂന്നിൽ മൂവായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി നാല് ട്രെയിനികൾക്കും പ്ലേസ്മെന്റ് ലഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ നിലവിൽ 84 ട്രേഡുകളിലായാണ് ഐ.ടി.ഐ. കളിൽ പരിശീലനം നടത്തി വരുന്നത്.
തിരുവനന്തപുരം ജില്ലയിലെ നേമം നിയോജകമണ്ഡലത്തിലെ ചാല ഐ.ടി.ഐ. ക്യാംപസിനെ ഭാവിയിൽ ഒരു സ്കിൽ ഹബ്ബായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐ.റ്റി.ഐ അനുവദിച്ചിരിക്കുന്നത്.
ത്രീ ഡി പ്രിന്റിംഗ്, മൾട്ടി മീഡിയ ആനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ട്, റോബോട്ടിക് ആന്റ് ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ, വെൽഡർ, മറൈൻ ഫിറ്റർ എന്നിങ്ങനെ 5 ട്രേഡുകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. അതിനൂതനമായ ഈ ട്രേഡുകൾ ആധുനിക കാലഘട്ടത്തിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനും രാജ്യത്തിന് തന്നെ അഭിമാനമായി മാറുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ അനന്തമായ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനും സഹായകരമായാണ് അനുവദിച്ചിട്ടുള്ളത്.
ഐ.ടി.ഐ. യിലെ ട്രെയിനികൾക്ക് കൂടുതലായി നൈപുണ്യ പരിശീലനം നൽകുന്നതിന് കെയ്സ് മുഖേന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. നിലവിൽ കെയ്സ് മുഖേന തന്നെ ഐ.റ്റി.ഐ. ഡിപ്ലോമ എഞ്ചിനീയറിംഗ് ഡിഗ്രി ഹോൾഡർമാർക്ക് ജർമ്മൻ റെയിൽവേയിൽ ഉൾപ്പെടെ ജോലി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നേമം നിയോജകമണ്ഡലത്തിൽ ചരിത്രത്തിൽ ഇല്ലാത്ത വിധമുള്ള വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഈ ക്യാംപസിൽ തന്നെ വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്മെന്റ് വകുപ്പ്, കെയ്സ് എന്നിവയുടെ ആസ്ഥാന ഓഫീസുകൾ അടങ്ങുന്ന ഒരു സ്കിൽ ടവർ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിച്ചു വരുന്നു. തൊട്ടടുത്ത പ്രദേശമായ കരമനയിൽ എംപ്ലോയ്മെന്റ് വകുപ്പിന്റെ കീഴിൽ ഒരു കരിയർ ഡവലപ്മെന്റ് സെന്ററിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. പാപ്പനംകോട് കെയ്സിന്റെ നേതൃത്വത്തിൽ ജില്ലാ നൈപുണ്യ വികസന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാകെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ നടന്നു വരുന്നു. ഈ ക്യാംപസിലെ ചാല ഗേൾസ് ഹൈസ്ക്കൂളിന് 6 കോടി രൂപ ചെലവ് വരുന്ന ഒരു പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ആദ്യഘട്ടമായി നാല് കോടി മുപ്പത് ലക്ഷം രൂപ അനുവദിച്ചു ടെന്റർ നടപടികൾ അവസാന ഘട്ടത്തിലാണ്. ഈ ക്യാംപസിൽ തന്നെ സമഗ്രശിക്ഷാ കേരളയുടെ ആസ്ഥാന മന്ദിര നിർമ്മാണം അന്തിമഘട്ടത്തിലാണ്.
അഖിലേന്ത്യാ തലത്തിലും സംസ്ഥാന തലത്തിലും നൈപുണ്യ മത്സരങ്ങളിൽ വിജയിച്ച എല്ലാവരെയും അനുമോദിക്കുന്നതിന് ഈ അവസരം വിനിയോഗിക്കുന്നു. ഭാവിയിൽ ഇന്ത്യാ സ്കിൽസ് മത്സരങ്ങൾക്ക് മുന്നോടിയായി താലൂക്ക് തലം മുതൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും വിജയികൾക്ക് കൂടുതൽ നൈപുണ്യ പരിശീലനം നൽകി അഖിലേന്ത്യാ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച വിജയം കൈവരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.
ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ ഐ.റ്റി.ഐ. കളുടെ സമൂലമായ ഒരു പുനസംഘടന ഈ സർക്കാർ ലക്ഷ്യമിടുന്നു. കാലഹരണപ്പെട്ട ട്രേഡുകൾക്ക് പകരമായി ആധുനിക ട്രേഡുകൾ അനുവദിക്കുന്നതിനും ഐ.റ്റി.ഐ. കളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എല്ലാ ഐ.റ്റി.ഐ. കൾക്കും എൻ.സി.വി.റ്റി. അഫിലിയേഷൻ ലഭിക്കുന്നതിന് ആവശ്യമായ എണ്ണം ട്രേഡുകൾ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും. ഐ.റ്റി.ഐ. അധ്യാപകർക്ക് നിരന്തര പരിശീലനം നൽകുന്നതിനും പദ്ധതി തയ്യാറാക്കും. അനുവദിക്കപ്പെട്ട ഐ.റ്റി.ഐ. കളിൽ അടിസ്ഥാന സൗകര്യം ലഭ്യമാകാത്തവയ്ക്ക് അത് ലഭ്യമാക്കുന്നതിനുള്ള ഒരു കർമ്മപദ്ധതി ആവിഷ്ക്കരിക്കും.
വളരെയധികം സന്തോഷത്തോടുകൂടി ഗവൺമെന്റ് ഐ.ടി.ഐ. ചാലയുടെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചതായി അറിയിക്കുന്നതിനോടൊപ്പം ഐ.റ്റി.ഐ. ട്രെയിനികളുടെ ദീർഘകാല ആവശ്യം പരിഗണിച്ച് രണ്ട് സുപ്രധാനമായ തീരുമാനങ്ങൾ ഇന്ന് സ്വീകരിച്ച വിവരം നിങ്ങളെ അറിയിക്കുവാൻ ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്.
ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും വനിതകൾ പ്രവർത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് ഐ.റ്റി.ഐ. കളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധിയായി മാസത്തിൽ രണ്ട് ദിവസം അനുവദിക്കുന്നു.
ഐ.റ്റി.ഐ. ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐ.റ്റി.ഐ. ഷിഫ്റ്റുകൾ പുനർ നിശ്ചയിക്കുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 :30 വരെയാണ്. ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്ക്കായി മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.