ബെംഗളൂരു: കെംഗേരിയിൽ ഇന്നലെ രാത്രി യുവതിയുടെ മരണത്തിനിടയാക്കിയ കാറപകടം സൃഷ്ടിച്ചത് മദ്യപിച്ച് വണ്ടിയോടിച്ച വിദ്യാർത്ഥി. തന്റെ പിതാവിന്റെ ആഡംബര കാറെടുത്ത് രാത്രിയിൽ നഗരത്തിൽ കറങ്ങുകയായിരുന്ന ധനുഷ് പരമേശ് എന്ന വിദ്യാര്‍ത്ഥിയാണ് അപകടമുണ്ടാക്കിയത്.
അപകടത്തിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന സന്ധ്യ എന്ന 30കാരി കൊല്ലപ്പെട്ടു.20കാരനായ ധനുഷ് പരമേശ് മൈസൂരു ഹൈവേയിലേക്ക് മെഴ്സിഡിസ് കാറുമായി പോകുകയായിരുന്നു. കൂടെ തന്റെ സുഹൃത്തുമുണ്ടായിരുന്നു. മദ്യപിച്ച ശേഷം മൈസൂരു ഹൈവേയിൽ ഒരു ലോങ് ഡ്രൈവ് പോകാൻ പദ്ധതിയിട്ടതായിരുന്നു.
മൈസൂരു ഹൈവേയില്‍ എത്തുന്നതിനു മുമ്പ് കെംഗേരിയിൽ വെച്ചാണ് അപകടം നടന്നത്. ധനുഷിന്റെ പിതാവ് പരമേശ് ഒരു ട്രാവൽ ഏജൻസി ഉടമയാണ്. ഇദ്ദേഹം അടുത്തിടെയാണ് മെഴ്സിഡിസ് ബെൻസ് കാർ (KA - 01 - MZ - 9903) സ്വന്തമാക്കിയത്. നാഗർഭാവിയിലാണ് ഇവർ താമസിക്കുന്നത്. സൗത്ത് ബെംഗളൂരുവിലെ ഹൊസകെരെഹള്ളിയിൽ ഒരു സ്വകാര്യ സർവ്വകലാശാലയിൽ എൻജിനീയറിങ് അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയാണ് ധനുഷ്.
അപകടത്തെക്കുറിച്ച് ധനുഷ് പറയുന്നത് ഇങ്ങനെ: "യശ്വന്ത്പുരിൽ രാജ്കുമാർ റോഡിലുള്ള ഒരു മാളിൽ ഞാനും സുഹൃത്തും കൂടി പോയി. ശേഷം സുഹൃത്തുമൊത്ത് മദ്യപിക്കാൻ കയറി. ഇവിടെ നിന്ന് മൈസൂരു റോഡ് ഭാഗത്തേക്ക് മെഴ്സിഡിസ് ബെൻസ് ഓടിച്ചു പോയി. ട്രാഫിക് ട്രാൻസിറ്റ് മാനേജ്മെന്റ് സെന്ററിന്റെ ബസ് സ്റ്റോപ്പിനടുത്തുള്ള സ്പീഡ് ബ്രേക്കർ ശ്രദ്ധിച്ചില്ല."
വാഹനം അമിത വേഗയിലായിരുന്നു. മദ്യലഹരിയിൽ സ്പീഡ് ബ്രേക്കർ കണ്ടില്ല. അതിവേഗതയിൽ സ്പീഡ് ബ്രേക്കർ ചാടിക്കടന്നപ്പോൾ ധനുഷിന് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഈ സമയത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതിയെ കാർ ഇടിച്ച് താഴെയിട്ടു. ബസവേശ്വര നഗറിലെ താമസക്കാരിയായ സന്ധ്യ ശിവകുമാർ എന്ന 30കാരിയാണ് അപകടത്തിൽ മരിച്ചത്. സന്ധ്യയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
കെംഗേരി മെട്രോ സ്റ്റേഷനിലേക്ക് യാത്ര
ചെയ്യുന്നതിനിടയിലാണ് സന്ധ്യ അപകടത്തിൽ പെട്ടത്. സന്ധ്യയെ ഇടിച്ചിട്ടതിനു ശേഷം കാർ ഒരു ബൈക്കിലും ഇടിച്ചിരുന്നു. ഈ ബൈക്ക് ഓടിച്ചിരുന്നയാൾക്ക് പരിക്കുണ്ട്. സംഭവം നടന്നയുടനെ ധനുഷ് വണ്ടിയെടുത്ത് പോകാൻ ശ്രമിച്ചു. ഏതാണ്ട് 500 മീറ്റർ ഓടിയപ്പോഴേക്ക് സിഗ്നലിൽ വെച്ച് പിന്നാലെയെത്തിയ ബൈക്കുകാർ പിടികൂടി.
ധനുഷിനെ ബൈക്കുകാർ കാറിൽ നിന്ന് വലിച്ചിറക്കി കൈകാര്യം ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീടാണ് പോലീസിനെ ഏൽപ്പിച്ചത്.മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബെംഗളൂരു സെൻട്രൽ ജയിലിലാണ് ധനുഷ് പരമേശിനെ പാർപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.