ഷൊർണൂർ: ഭാരതപ്പുഴയ്ക്ക് സമീപം ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് ദക്ഷിണ റെയിൽവേ. മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം റെയിൽവേ പ്രഖ്യാപിച്ചു. ഷൊർണൂർ യാർഡ് മുതൽ എറണാകുളത്തേക്ക് പോകുന്ന ഭാഗം വരെയുള്ള ട്രാക്ക് വൃത്തിയാക്കുന്നതിനായാണ് റെയിൽവേ കരാർ ഏൽപ്പിച്ചത്. മലപ്പുറം സ്വദേശി മുന്നവർ തൊണ്ടിക്കടവത്തിനായിരുന്നു കരാർ. ഈ കരാർ ജോലിക്കായാണ് തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികൾ എത്തിയതെന്നും റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
കരാറുകാരന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി പാലത്തിൽനിന്ന് പുറത്ത് കടക്കാൻ റോഡ് സൗകര്യമുണ്ടായിരുന്നുവെന്നും എന്നാൽ തൊഴിലാളികൾ ഇതുപയോഗിക്കാതെ പാളത്തിലൂടെ തിരികെ വന്നതാണ് അപകടത്തിന് കാരണമായതെന്നും റെയിൽവേ വ്യക്തമാക്കി. റെയിൽവേ അധികൃതരുടെ അറിവോടെയല്ല തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഇത്തരം നടപടി ഉണ്ടായത്. കരാറുകാരന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും റെയിൽവേ ആരോപിച്ചു. 10 തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 4 പേരെയാണ് കേരള എക്സ്പ്രസ് ഇടിച്ചത്.
അപ്പ് ലൈനിൽ മാത്രമേ ട്രെയിനിന് വേഗ നിയന്ത്രണം ഉണ്ടായിരുന്നുള്ളൂ എന്നും റെയിൽവേ പറയുന്നു. ഇവിടെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലേ ട്രെയിൻ കടന്നുപോകൂ. എന്നാൽ തൊഴിലാളികൾ നടന്നുവന്നത് ഡൗൺ ലൈനിലായിരുന്നു. ഇവിടെ വേഗനിയന്ത്രണം ഇല്ല. അതിനാലാണ് വേഗത്തിൽ വന്ന ട്രെയിൻ തൊഴിലാളികൾക്ക് കാണാൻ സാധിക്കാതിരുന്നത്. കരാറുകാരനായ മുന്നവറുമായുള്ള ഇടപാടുകൾ റദ്ദാക്കുന്നതായും തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഇയാൾക്കെതിരെ ക്രിമിനൽ നടപടി എടുക്കുമെന്നും റെയിൽവേ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.