ചെന്നൈ: ബിഗ് ബോസ് തമിഴ് മത്സരാർഥിയും ഗായികയുമായ ഇസൈവാണിക്കെതിരേ സൈബർ ആക്രമണം. 2018-ൽ പുറത്തിറങ്ങിയ ‘ഐ ആം സോറി അയ്യപ്പാ’ എന്ന ഗാനം ഹിന്ദുവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിക്രമം. സംഭവത്തിൽ, ചെന്നൈ കമ്മിഷണർക്ക് മുമ്പാകെ ഇസൈവാണി പരാതി സമർപ്പിച്ചിട്ടുണ്ട്.
ഗായിക അടുത്തിടെ ഒരു ക്രിസ്ത്യൻ ഭക്തിഗാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്ന ഗാനം ചൂണ്ടിക്കാട്ടി ഹിന്ദുത്വ ഗ്രൂപ്പുകൾ ഇവർക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ കുപ്രചരണം ആരംഭിച്ചത്. ഗായിക ക്രിസ്ത്യാനിയാണെന്നും ഹിന്ദു ദൈവത്തെ ലക്ഷ്യംവെച്ചുള്ള നീക്കമായിരുന്നു ഈ ഗാനമെന്നും ഇവർ ആരോപിക്കുന്നു.
ഗാനത്തെക്കുറിച്ച് തെറ്റിദ്ധാരണപരത്തുന്ന സംഘങ്ങളുടെ ഇപ്പോഴത്തെ ആവശ്യം ഗായികയ്ക്കും പാ. രഞ്ജിത്തിനുമെതിരേ കേസെടുക്കണമെന്നാണ്. ഗായികയുടെ ഫോൺ നമ്പർ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ആരോപണമുണ്ട്. ഇതോടെ ഭീഷണി സന്ദേശങ്ങളും കോളുകളും ഇസൈവാണിക്കെത്തി. അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ ചിലർ അയക്കുന്നതായും പരാതിയുണ്ട്.
പാ. രഞ്ജിത്ത് സ്ഥാപിച്ച ജാതിവിരുദ്ധ സംഗീത ബാൻഡായ ദ കാസ്റ്റ്ലെസ് കളക്ടീവാണ് ഗാനം ചിട്ടപ്പെടുത്തിയത്. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്ന വരികൾ ഗാനത്തിലുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള ക്ഷേത്രപ്രവേശനങ്ങളേയും ഗാനത്തിൽ വിമർശിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.