ന്യൂഡല്‍ഹി: പ്രമുഖ വിമാനസര്‍വീസ് ആയ വിസ്താര ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ ലയിക്കുന്നതോടെ എയർ ഇന്ത്യയിൽ 3194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നറിയിച്ച് സിംഗപ്പൂർ എയർലൈൻസ്. 2022 നവംബർ 29-നായിരുന്നു എയർ ഇന്ത്യ-വിസ്‍താര ലയനം പ്രഖ്യാപിച്ചത്. 2024 നവംബർ 11ഓടെ ലയനം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സിംഗപ്പൂർ എയർലൈൻസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ എയർ ഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടാകും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര 2015 ജനുവരിയിൽ ആണ് പ്രവർത്തനം ആരംഭിച്ചത്. വിസ്താരയിൽ 49 ശതമാനം ഓഹരിയും സിംഗപ്പൂർ എയർലൈൻസിന് ഉണ്ടായിരുന്നു.
ലയനം പൂർത്തിയായ ശേഷം ഈ നിക്ഷേപം നടത്തുമെന്നും സബ്‌സ്‌ക്രിപ്‌ഷൻ വഴി എയർ ഇന്ത്യയുടെ പുതിയ ഷെയറുകൾ വാങ്ങുമെന്നും സിംഗപ്പൂർ എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിസ്താര- എയർ ഇന്ത്യ ലയനം അതിവേഗം വളരുന്ന ഇന്ത്യൻ വ്യോമയാന വിപണിയിലെ ഒരു സുപ്രധാന ഏകീകരണമായി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
ലയനം ഇന്ത്യന്‍ വ്യോമയാന രംഗത്തെ സിംഗപ്പൂർ എയർലൈൻസിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുകയും എയർലൈൻസിന്റെ മള്‍ട്ടി-ഹബ് സ്ട്രാറ്റജി ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും വിലയിരുത്തുന്നു. കൂടാതെ ലയനത്തിൻ്റെ ഭാഗമായി എയർ ഇന്ത്യയും സിംഗപ്പൂർ എയർലൈൻസും അടുത്തിടെ തങ്ങളുടെ കോഡ്ഷെയർ കരാർ വിപുലീകരിക്കാനും ധാരണയിൽ എത്തിയിട്ടുണ്ട്. കരാര്‍ പ്രകാരം 11 ഇന്ത്യൻ നഗരങ്ങളും 40 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളും തങ്ങളുടെ ശൃംഖലയിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വരുമാനത്തിൽ 48.5 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. സിംഗപ്പൂർ എയർലൈൻസും നിരക്കുകുറഞ്ഞ വിമാനസര്‍വീസായ സ്‌കൂട്ടും ഉൾപ്പെടുന്ന ഗ്രൂപ്പിൻ്റെ മൊത്തം ചെലവുകൾ 14.4 ശതമാനം ഉയരുകയും ചെയ്തിരുന്നു. ഇത് കമ്പനിയുടെ വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചു. കൂടാതെ യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ ഇടിവ് സംഭവിച്ചു. അതേസമയം വിസ്താര - എയര്‍ഇന്ത്യ ലയനത്തിന് ശേഷം നവംബര്‍ 12 മുതല്‍ ‘എയര്‍ ഇന്ത്യ’ എന്ന ബ്രാന്‍ഡിലാകും വിസ്താര സേവനങ്ങള്‍ ലഭ്യമാകുക.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3ന് വിസ്താര തങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു. നവംബര്‍ 11 വരെയാണ് വിസ്താര ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യാന്‍ കഴിയുക. നവംബര്‍ 12നോ അതിന് ശേഷമോ ഉള്ള യാത്രയ്ക്കായി നേരത്തെ വിസ്താര ടിക്കറ്റ് ചെയ്തവരുടെ ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ വിമാനങ്ങളിലേക്ക് മാറ്റും. ഇതോടൊപ്പം 2024 നവംബര്‍ 12ന് ‘ക്ലബ് വിസ്താര’ എയര്‍ ഇന്ത്യയുടെ ‘ഫ്ളൈയിംഗ് റിട്ടേണ്‍സുമായി’ ലയിക്കും. ഇനിമുതല്‍ ഇത് ‘മഹാരാജ ക്ലബ്’ എന്ന പേരില്‍ ആയിരിക്കും അറിയപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.