പാലക്കാട്: ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷം പാലക്കാട് വിധിയെഴുതുമ്പോൾ പോളിങ് മന്ദഗതിയിൽ. ഉച്ച 12 മണി വരെ 27.52 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-27.12 ശതമാനം, പിരായിരി-26.99 ശതമാനം, മാത്തൂർ-27.08 ശതമാനം, കണ്ണാടി -27.50 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും പുതിയ പോളിങ് ശതമാനം.
ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിൽ പോളിങ് ഉയരുമ്പോൾ നഗരങ്ങളിലെ താരതമ്യേന കുറവാണ്. പോളിങ് ആരംഭിച്ചത് മുതൽ ഗ്രാമങ്ങളിലെ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്. നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. ഇതിൽ 100290 പേർ സ്ത്രീകളാണ്. രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
അതേസമയം, വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ യൂനീറ്റിൽ തകരാർ കണ്ടെത്തി. ട്രൂലൈൻ സ്കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാർ കണ്ടെത്തിയത്. മെഷീന്‍റെ ബാറ്ററി മാറ്റാനായെന്നാണ് സൂചന നൽകിയത്. ഇടത് സ്വതന്ത്രൻ പി. സരിനും ഭാര്യയും വോട്ട് ചെയ്യാൻ എത്തിയ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. സാങ്കേതിക വിദഗ്ധർ എത്തി മെഷീൻ പരിശോധിച്ച് തകരാർ പരിഹരിച്ചു. 88-ാം ബൂത്തിൽ വോട്ടർമാരുടെ വലിയ നിര ദൃശ്യമായിരുന്നു.
അതിനിടെ, പാലക്കാട്ടെ പിരായിരിയിൽ ഇരട്ട വോട്ടെന്ന് പരാതി ഉയർന്നു. വോട്ടർ പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ് എൽ.ഡി.എഫ് ഏജന്‍റ് പരാതി ഉന്നയിച്ചത്. പിരായിരി ജി.എൽ.പി സ്കൂളിലെ ബൂത്തിലാണ് സംഭവം. പ്രിസൈഡിങ് ഓഫീസറുടെ നിർദേശ പ്രകാരം വോട്ടറുടെ ഫോട്ടോ എടുത്ത ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി. തുടർന്ന് വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ അനുവദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.