ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ തുടർച്ചയായി തള്ളിക്കളഞ്ഞവർ പാർലമെന്റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ആരോഗ്യകരമായ ചർച്ചകൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'ജനങ്ങളാൽ തുടർച്ചയായി തിരസ്‌കരിക്കപ്പെട്ട ചിലർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ നിരന്തരം ശ്രമിക്കുന്നു. രാജ്യത്തെ ജനങ്ങൾ അവരുടെ എല്ലാ പ്രവൃത്തികളും ശ്രദ്ധിക്കുന്നുണ്ട്.'- മോദി പറഞ്ഞു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇത്തവണത്തെ സമ്മേളനത്തിന് ഏറെ പ്രത്യേകതയുണ്ട്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികത്തിനിടയിലാണ് സമ്മേളനം നടക്കുന്നത്. നമ്മുടെ ഭരണഘടനയുടെ പ്രധാന ഭാഗങ്ങൾ പാർലമെന്റും എംപിമാരുമാണ്. പാർലമെന്റിൽ ആരോഗ്യകരമായ ചർച്ചകൾ നടക്കണം.'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഡിസംബർ 20 വരെയാണ് ശീതകാല സമ്മേളനം നടക്കുന്നത്. ഇതിനിടെ സർക്കാർ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിച്ചേക്കുമെന്ന് ഊഹാപോഹമുണ്ട്. വഖഫ് ഭേദഗതി ബില്ലും ദുരന്തനിവാരണ (ഭേദഗതി) ബില്ലും അടക്കം പതിനാറ് ബില്ല് ഇത്തവണ സഭയിൽ അവതരിപ്പിച്ചേക്കും.
അതേസമയം, ഭരണഘടന അംഗീകാരം നൽകിയ പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നാളെ ഭരണഘടനാ ദിനാഘോഷവും സംഘടിപ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സംസ്‌കൃതം-മൈഥിലി ഭാഷകളിലെ ഭരണഘടനയും സ്റ്റാമ്പും നാണയവും പുറത്തിറക്കും. സുപ്രീംകോടതി വളപ്പിലും ആഘോഷം നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.