ഇടുക്കി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസിനും എഇഒയ്ക്കും പരാതി നല്‍കിയത്. ഉടുമ്പന്‍ചോലയ്ക്കടുത്ത് സ്ലീവാമലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ബെനഡിക്ട്സ് എല്‍പി സ്‌കൂളിലെ മരിയ ജോസഫ് എന്ന അധ്യാപികയ്‌ക്കെതിരെയാണ് പരാതി.
വെറും ആറര വയസും മാത്രം പ്രായമുള്ള കുട്ടിയോടായിരുന്നു അധ്യാപികയുടെ ക്രൂരത. ഈ മാസം 13ന് കുട്ടിയുടെ സഹപാഠി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛര്‍ദിച്ചു. കുട്ടികളോട് മണല്‍വാരിയിട്ട് ഇത് മൂടാന്‍ അധ്യാപിക ആവശ്യപ്പെട്ടു. പിന്നീട് ഈ കുട്ടിയോട് മാത്രമായി അത് ചെയ്യാന്‍ പറഞ്ഞു. എന്നാല്‍, കുട്ടി ഇത് നിരസിക്കുകയും ടീച്ചറെ ഞാന്‍ ഇവിടെയിരുന്ന് എഴുതിക്കോളാം എന്നുപറയുകയും ചെയ്തു. ഇതുകേട്ട അധ്യാപിക ദേഷ്യപ്പെടുകയും കുട്ടിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം കോരിക്കളയിപ്പിക്കുകയുമായിരുന്നു. മറ്റൊരു കുട്ടി സഹായിക്കാന്‍ തയാറായപ്പോൾ അധ്യാപിക തടയുകയും ചെയ്തു.
എന്നാൽ കുട്ടി ഇക്കാര്യങ്ങൾ ഒന്നും വീട്ടില്‍ അറിയിച്ചില്ല. പിറ്റേ ദിവസം മുതൽ സ്‌കൂളിൽ പോകാൻ മടിയും ഭയവും കാണിച്ച ആകുട്ടിയുടെ പെരുമാറ്റത്തിൽ മാതാപിതാക്കൾക്ക് സംശയത്തെ തോന്നിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സഹപാഠിയുടെ അമ്മയിൽ നിന്നാണ് തന്റെ മകന് ക്ലാസ് മുറിയിൽ നേരിട്ട അപമാനം മാതാപിതാക്കൾ അറിയുന്നത്. പിന്നാലെ ഇക്കാര്യം സ്‌കൂളിലെ പ്രഥമാധ്യാപികയെ അറിയിച്ചുവെങ്കിലും അവര്‍ അധ്യാപികയ്ക്ക് താക്കീത് നല്‍കുന്നതില്‍ മാത്രം നടപടി ഒതുക്കിയെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർക്ക് (എഇഒ)പരാതി നൽകി.
എന്നാൽ സെന്റ് ബെനഡിക്ട്സ് എല്‍പി സ്‌കൂൾ എയ്ഡഡ് സ്‌കൂൾ ആണെന്നും അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പരിമിതമാണെന്നും ഓഫീസ് ജീവനക്കാര്‍ അറിയിച്ചു. തുടർന്നാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രഥമാധ്യാപികയോട് കളക്ടര്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ് ഷാജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.