തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പാതിരാറെയ്ഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് പരാതിയിൽ പറയുന്നു.
അര്‍ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗവുമായ ഷാനിമോള്‍ ഉസ്മാന്റെയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും. സേര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബിഎന്‍എസ്എസില്‍ നിര്‍ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ല.
പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എഡിഎം, ആര്‍ഡിഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12ന് ശേഷം തുടങ്ങിയ പരിശോധനയ്ക്ക് പുലര്‍ച്ചെ 2:30 ആയപ്പോള്‍ മാത്രമാണ് എഡിഎമ്മും ആര്‍ഡിഒയും സ്ഥലത്തെത്തിയത്.
റെയ്ഡ് വിവരം അറിഞ്ഞില്ലെന്ന് എഡിഎം ഷാഫി പറമ്പില്‍ എംപിയോട് വ്യക്തമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.