വത്തിക്കാൻ :2024 ഏപ്രിലിൽ ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചതിനെത്തുടർന്ന്, ആരാധനാക്രമചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസ്, പാപ്പാമാരുടെ മൃതസംസ്കാരച്ചടങ്ങുകൾക്കായുള്ള നവീകരിച്ച പുസ്തകം പ്രസിദ്ധീകരിച്ചു.ലോകത്ത് അധികാരവും ശക്തിയുമുള്ള ഒരാൾ എന്നല്ല, ക്രിസ്തുവിന്റെ ശിഷ്യനും, ഇടയാനുമെന്ന നിലയിൽ റോമിന്റെ മെത്രാനുള്ള സ്ഥാനം എടുത്തുകാട്ടുന്നതാണ് പുതിയ പുസ്തകമെന്ന് ആരാധനാക്രമചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസ് നേതൃത്വം നിർവ്വഹിക്കുന്ന ആർച്ച്ബിഷപ് ദിയേഗൊ റവേല്ലി പറഞ്ഞു.
അതേ സമയം വത്തിക്കാന് പുറത്ത് സെന്റ് മേരി മേജർ റോമൻ ബസിലിക്കയിൽ തന്നെ സംസ്കരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തി.ഭൂരിഭാഗം മാർപാപ്പമാരെയും അടക്കിയിരിക്കുന്നത് സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്.ജീവിതത്തിൽ ആഡംബരങ്ങൾ ഒഴിവാക്കുന്ന ഫ്രാൻസിസ് മാർപാപ്പ മരണത്തിലും ലാളിത്യം ആഗ്രഹിക്കുന്നു.സൈപ്രസ്, ഓക്ക്, വാക മരത്തടികൾ കൊണ്ടു നിർമിച്ച 3 പെട്ടികൾക്കുള്ളിലായി മാർപാപ്പമാരെ അടക്കം ചെയ്യുന്ന ആചാരത്തിനു പകരം തനിക്ക് സാധാരണ തടിപ്പെട്ടി മതിയെന്ന് അദ്ദേഹം നിർദേശിച്ചു. ദീർഘമായ പൊതുദർശനം, നീണ്ട അന്ത്യോപചാര ചടങ്ങുകൾ ഇവയൊന്നും വേണ്ടെന്നും നിർദേശത്തിലുണ്ട്. 88 വയസ്സായ മാർപാപ്പയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും അടുത്തിടെ ദീർഘമായ വിദേശ സന്ദർശനങ്ങൾ നടത്തി സജീവമായി.
പുതുക്കിയ ക്രമമനുസരിച്ച്, പാപ്പായുടെ മുറിയിലല്ല, സ്വകാര്യചാപ്പലിൽവച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. മരണശ്ശേഷം മൃതശരീരം തുറന്ന പെട്ടിക്കുള്ളിൽ സൂക്ഷിക്കുക, വിശ്വാസികൾക്ക് വണക്കത്തിനായി തുറന്ന പെട്ടിയിൽത്തന്നെ പാപ്പായുടെ ശരീരം പ്രദർശിപ്പിക്കുക, മുൻപുണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായി, സൈപ്രസിന്റെയും, ഈയത്തിന്റെയും, ഓക്കുമരത്തിന്റെതുമായ മൂന്ന് പെട്ടികളിൽ അടയ്ക്കുന്നത് നിറുത്തലാക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുസ്തകത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. പുതിയ ക്രമമനുസരിച്ച്, നാകപ്പെട്ടിക്കുള്ളിലുള്ള തടിപ്പെട്ടിയിലായിരിക്കും പാപ്പായുടെ ഭൗതികശരീരം സൂക്ഷിക്കുക.
1998-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട പാപ്പാമാരുടെ മൃതസംസ്കാരച്ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പെന്ന രീതിയിലാണ് പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 2005-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകൾക്ക് 1998-ലെ പുസ്തകമനുസരിച്ചുള്ള ക്രമങ്ങളാണ് സ്വീകരിച്ചിരുന്നത്. ഇവയിൽ ചില മാറ്റങ്ങൾ വരുത്തിയാണ്, 2023-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകൾ നടന്നത്.
മാർപാപ്പാ എന്നാൽ, ലോകത്തിലെ ശക്തനായ ഒരു വ്യക്തി എന്നല്ല, ക്രിസ്തുവിന്റെ ശിഷ്യനും, ഇടയനുമായ ഒരാളാണ് എന്ന് വ്യക്തമാക്കുന്നതിനുവേണ്ടിയുള്ള മാറ്റങ്ങളാണ് നവീകരിച്ച പതിപ്പിൽ കാണാനാകുകയെന്ന് ആർച്ച്ബിഷപ് റവേല്ലി വ്യക്തമാക്കി. മുൻപുണ്ടായിരുന്നതുപോലെ, മരണമടഞ്ഞ പാപ്പാ താമസിച്ചിരുന്ന സ്ഥലം, വത്തിക്കാൻ ബസലിക്ക, മൃതസംസ്കാരം നടക്കുന്നയിടം എന്നീ മൂന്ന് സ്ഥലങ്ങളിൽ വച്ചുള്ള പ്രാർത്ഥനകൾ നവീകരിച്ച ക്രമമനുസരിച്ചും തുടരും. എന്നാൽ ഇവയിൽ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെയും ബെനഡിക്ട് പതിനാറാമൻ പാപ്പായുടെയും മൃതസംസ്കാരച്ചടങ്ങുകളുടെ കൂടി പശ്ചാത്തലത്തിൽ വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്.വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയ്ക്ക് പുറമെ, മറ്റിടങ്ങളിൽ മൃതസംസ്കാരം നടത്തുമ്പോൾ ചെയ്യേണ്ട കാര്യങ്ങളും പുതിയ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.