ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അതിരൂക്ഷമായ വായുമലിനീകരണം സംബന്ധിച്ച ഹർജികൾ പരിഗണിക്കവേ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. ഡൽഹിയിൽ നിർമാണ പ്രവൃത്തികൾ നിരോധിച്ചിട്ടും സുപ്രീംകോടതി വളപ്പിൽ നിർമാണങ്ങൾ നടക്കുന്നുണ്ടെന്ന മുതിർന്ന അഭിഭാഷകന്റെ വെളിപ്പെടുത്തലാണ് ഹർജികൾ പരിഗണിച്ച ബെഞ്ചിനെ ഞെട്ടിച്ചത്.
തലസ്ഥാനത്തെ വായുഗുണനിലവാര സൂചികയിലെ തകർച്ച പരിശോധിക്കുന്നതിൽ കാലതാമസം ഉണ്ടാക്കിയ എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മിഷനെയും സംസ്ഥാന സർക്കാരിനേയും ജസ്റ്റിസുമാരായ എ.എസ്.ഒക്ക, എ.ജി.മസിഹ് എന്നിവരുടെ ബെഞ്ച് വിമർശിക്കുന്നതിനിടെ ആയിരുന്നു സംഭവം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനും പൊളിക്കുന്നതിനും നിരോധമുണ്ട്. എന്നാൽ ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ? സൈറ്റിൽ പോയി ആരെങ്കിലും പരിശോധിക്കുന്നുണ്ടോ? ജസ്റ്റിസ് ഒക്ക ചോദിച്ചു.
ഇതിനിടെ, തലസ്ഥാനത്ത് നിർമാണ പ്രവൃത്തികൾ നിരോധിച്ചിട്ടും സുപ്രീംകോടതി വളപ്പിൽ നിർമാണങ്ങൾ നടക്കുന്നുവെന്ന് ഹർജിക്കാരിൽ ഒരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ മറുപടി നൽകി. കോടതി 11-ന് പുറത്ത് കല്ലുകൾ പൊട്ടിക്കുന്നുണ്ടെന്നും നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്തരീക്ഷത്തിലേക്ക് പൊടിപടലങ്ങൾ ഉയരുന്നതായും പറഞ്ഞു. ഇതുകേട്ടതോടെ ജസ്റ്റിസ് എ.എസ്.ഒക്ക ഞെട്ടി. 'എന്ത്? കോടതിയിൽ വരാൻ അഭ്യർഥിച്ചുകൊണ്ട് സെക്രട്ടറി ജനറലിന് ഒരു ഫ്ലാഷ് സന്ദേശം അയയ്ക്കുക', അദ്ദേഹം നിർദേശിച്ചു.
ആറുദിവസമായി തുടര്‍ച്ചയായി കനത്ത പുകമഞ്ഞിന്റെ വലയമാണ് ഡല്‍ഹിയിലാകെ. കാഴ്ചപരിധി 150 മീറ്ററായി കുറഞ്ഞു. പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡല്‍ഹിയിലെ വായുനിലവാര സൂചിക 481 എന്ന നിലയിലേക്കാണ് കഴിഞ്ഞദിവസം ഉയർന്നത്. രാവിലെ ആറുമണിക്ക് ഡല്‍ഹിയിലെ 35 നിരീക്ഷണ കേന്ദ്രങ്ങളിലും വായുനിലവാര സൂചിക 400-ന് മുകളിലാണ് രേഖപ്പെടുത്തിയത്.
ഇതോടെ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി. എല്ലാതരത്തിലുമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിടം പൊളിക്കലുകള്‍ക്കുമാണ് നിരോധനം. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തവ ഉള്‍പ്പെടെ ബിഎസ്-4 നിലവാരത്തിലുള്ള ഡീസല്‍ വാഹനങ്ങളെയും നിരത്തിലിറക്കാന്‍ അനുവദിക്കില്ല. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രക്കുകള്‍, ലഘു വാണിജ്യ വാഹനങ്ങള്‍ എന്നിവയേയും ഡല്‍ഹി തലസ്ഥാന മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയും. അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് മാത്രമേ ഇളവനുവദിക്കു.
എല്ലാ ക്ലാസുകളിലും പഠനം ഓണ്‍ലൈനിലേക്ക് മാറ്റണമെന്നതാണ് നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ടത്. ഇതില്‍ 10, 12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഓഫ്‌ലൈന്‍ ക്ലാസുകളുണ്ടാകുക. ഇതിന് പുറമെ എല്ലാ പൊതു- സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ഭാഗികമായി കുറയ്ക്കും.
ഒരുദിവസം പാതി ജീവനക്കാര്‍ മാത്രമേ ജോലിക്കെത്താവൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ സാധ്യമെങ്കില്‍ ഓണ്‍ലൈന്‍ ആയി ജോലി ചെയ്യണം. ഇതിന് പുറമെ സംസ്ഥാനത്തെ അത്യാവശ്യമല്ലാത്ത എല്ലാ വാണിജ്യ സ്ഥാപനങ്ങളെക്കൂടി അനിശ്ചിത കാലത്തേക്ക് അടച്ചിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.