കൊച്ചി: ബലാത്സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചത്. പരാതി നല്‍കാനുള്ള കാലതാമസം പരിഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയര്‍ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വെച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. അടിമാലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ബാബുരാജിനെതിരേ താരത്തിന്റെ തന്നെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബാബുരാജ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെനിന്ന് രക്ഷപ്പെടാനായതെന്നും തനിക്കറിയാവുന്ന മറ്റു പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആസൂത്രിതമാണെന്ന് ബാബുരാജ് മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കിയിരുന്നു. 2019-ല്‍ താന്‍ മൂന്നാറില്‍ ആണ് താമസം. ആലുവയില്‍ അല്ല. ആലുവയിലെ വീട് മോശം അവസ്ഥയിലായിരുന്നു. 2020-ല്‍ കോവിഡ് സമയത്താണ് ആ വീട് നന്നാക്കി അവിടെ താമസിക്കുന്നത്. അമ്മയുടെ അടുത്ത ജനറല്‍ സെക്രട്ടറി താന്‍ ആകുമെന്ന് കരുതിയാണ് ഈ വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ നൂറുശതമാനം തെറ്റാണ്. ആരോപണങ്ങളില്‍ കഴമ്പില്ല. സംഘടനയുമായി ബന്ധപ്പെട്ടവരെ തളര്‍ത്തുകയാണ് ലക്ഷ്യം. ഇപ്പോള്‍ എന്തും വിളിച്ചുപറയാന്‍ പറ്റുന്ന സാഹചര്യമാണെന്നും ബാബുരാജ് പ്രതികരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.