തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തനിക്കുനേരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശനു പിറകിൽ ശോഭാ സുരേന്ദ്രനാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഇതെന്നും വാർത്തയ്ക്ക് പിറകിൽ രാഷ്ട്രീയത്തിൽ ശോഭാ സുരേന്ദ്രൻ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണെന്നും ശോഭ പറഞ്ഞു.
‘‘ശോഭാ സുരേന്ദ്രൻ രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇ.പി.ജയരാജനും തനിക്കെതിരെ പ്രവർത്തിക്കുന്നു. ഇല്ലാത്ത ആരോപണങ്ങൾ കെട്ടിവച്ച് പൊതുപ്രവർത്തനം അവസാനിപ്പിച്ച് വീട്ടിലേക്ക് വിടാനാണ് ആരുടെയെങ്കിലും ശ്രമമെങ്കിൽ, ആ ശ്രമിക്കുന്നവന്റെ മുഖപടം കേരളത്തിന് മുന്നിൽ ചീന്തിയെറിഞ്ഞ് കളയാനുള്ള ആവശ്യത്തിനും അത്യാവശ്യത്തിനുമുള്ള ബന്ധങ്ങൾ എനിക്കും കേന്ദ്രത്തിലുണ്ട്. സതീശന്റെ വാട്സാപ്പ് സന്ദേശങ്ങളും ഫോൺകോളും എടുപ്പിക്കാൻ പിണറായി വിജയന്റെ കൂടെയുള്ള പൊലീസുകാർക്ക് മാത്രമല്ല കഴിവുള്ളത്. അതു മനസ്സിലാക്കണം.’’ ശോഭ പറഞ്ഞു.
സതീശന് ജപ്തി ഭീഷണി ഉണ്ടായിരുന്നു. കുറച്ചു തുക ലോണിലേക്ക് അടച്ചുവെന്ന് സതീശൻ പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന സതീശന് ലോണടയ്ക്കാനുള്ള തുക എവിടെ നിന്നാണ് ലഭിച്ചത്. സതീശന്റെ പിന്നിൽ ആരാണെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്കെതിരെയും നിരവധി ആരോപണങ്ങൾ ശോഭ ഉന്നയിച്ചു. ‘‘വലിയ ഡോണാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകൾ വീണയെ ചില കാര്യങ്ങളിൽ ചോദ്യം ചെയ്യാൻ പോകുന്നിതിനിടയിലാണ് പി.പി.ദിവ്യ ഇറങ്ങിവന്നത്. വീണയുടെ സുഹൃത്താണ് ദിവ്യ. കരുവന്നൂരിലെ പ്രശ്നം അവസാനിപ്പിച്ചില്ല. കരുവന്നൂർ കേസിലെ പ്രതികളെ രക്ഷിക്കാൻ, കേസ് അട്ടിമറിക്കാൻ കണ്ണൂരിലെ ഇടതുനേതാക്കൾ ശ്രമിക്കുന്നുണ്ട്. നിങ്ങൾക്കെന്നെ കൊല്ലാം, ഇല്ലാതാക്കാൻ കഴിയില്ല. എന്റെ പൊതുപ്രവർത്തനത്തെ അവസാനിപ്പിക്കാൻ ഇല്ലാത്ത ആരോപണം കൊണ്ട് സാധിക്കില്ല’’– ശോഭ പറഞ്ഞു. ആർക്കാണ് ശോഭാ സുരേന്ദ്രനോട് ഇത്ര ശത്രുതയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടും അവർ പ്രതികരിച്ചു.
‘‘പിണറായി വിജയനാണ് എന്നോട് ഏറ്റവും ശത്രുത. അദ്ദേഹത്തിന്റെ മകന്റെ ഭാര്യാപിതാവിന്റെ കഥ കേരളത്തിൽ പറഞ്ഞതുകൊണ്ടാണ് എന്നോട് പിണറായിക്ക് വെറുപ്പ്. വീണയ്ക്കു കരിമണൽ കർത്തയുമായുള്ള ബന്ധം പറഞ്ഞു. ആലപ്പുഴയിൽ മത്സരിച്ച സമയത്ത്, അനധികൃതമായി മണലൂറ്റ് നടത്തുന്നതിനെ കുറിച്ച് ഞാൻ സംസാരിച്ചു. ഇതെല്ലാം പറഞ്ഞാൽ പിന്നെ ശോഭയ്‌ക്കെതിരെ ശത്രുക്കൾ ഉണ്ടാകില്ലേ?’’– അവർ ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.