മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസിന്റെ അമിത വിശ്വാസവും നിലപാടും തങ്ങൾക്ക് വലിയ തിരിച്ചടിയായെന്ന് മുതിർന്ന ശിവസേന നേതാവ്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി നയിക്കുന്ന മഹായുതി സഖ്യം തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.
288 അംഗ നിയമസഭയിൽ മഹായുതിക്ക് 230 സീറ്റുകൾ ലഭിച്ചു. തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉദ്ധവ് താക്കറെയെ ആണ് മഹാ വികാസ് അഘാഡി സഖ്യം ഉയർത്തിക്കാട്ടിയതെന്നും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ ചൂണ്ടിക്കാട്ടി.
'ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അമിത ആത്മവിശ്വാസത്തിലായിരുന്നു. ഹരിയാന, ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇതേ ആത്മവിശ്വാസമായിരുന്നു കോൺഗ്രസിന്. അതാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതും. സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസിന്റെ നിലപാട് ഞങ്ങളെ വേദനിപ്പിച്ചു. ഉദ്ധവ്ജിയെ അവർ മുഖ്യമന്ത്രി മുഖമായി ഉയർത്തിക്കാട്ടി. എന്നാൽ ഫലം വന്നപ്പോൾ വലിയ തിരിച്ചടിയായി'-ദൻവെ മാധ്യമങ്ങളോട് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ മഹാരാഷ്ട്രയിൽ 13 സീറ്റുകളാണ് ലഭിച്ചത്. എം.വി.എ സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ചതും കോൺഗ്രസിനാണ്. നാനാ പട്ടോൾ ആണ് സീറ്റ് വിഭജന ചർച്ചകൾക്ക് നേതൃത്വം നൽകിയത്. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വേണമെന്ന് പട്ടോൾ ആവശ്യപ്പെട്ടു. ഫലം വന്നപ്പോൾ 103 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്റെ വിജയം 16 ൽ ഒതുങ്ങി. 89 സീറ്റുകളിൽ മത്സരിച്ച ശിവസേന(യു.ബി.ടി)ക്ക് 20 എണ്ണത്തിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. സഖ്യത്തിലെ മൂന്നാം പാർട്ടിയായ എൻ.സി.പിക്ക് 87 സീറ്റുകളിൽ 10 എണ്ണത്തിൽ മാത്രമാണ് വിജയം ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.