ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയുടെ വക്കീല്‍ നോട്ടീസ്. വോട്ട് ചെയ്യാന്‍ വിനോദ് താവ്ഡെ ജനങ്ങള്‍ക്ക് പണം നല്കി എന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിലാണ് നോട്ടീസ്. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, വക്താവ് സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കാണ് വിനോദ് താവ്ഡെ നോട്ടീസ് അയച്ചിരിക്കുന്നത്.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താവ്ഡെയില്‍ നിന്ന് അഞ്ച് കോടി രൂപ പിടിച്ചെടുത്തുവെന്നും ഇത് വോട്ടര്‍മാർക്ക് കൈമാറാന്‍ കൊണ്ടുവന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ ആരോപണം തെറ്റാണെന്നും തന്നെയും തന്റെ പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണെന്നും ആരോപിച്ചാണ് താവെഡെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
നാല്‍പ്പതിലേറെ വര്‍ഷമായി പൊതുപ്രവര്‍ത്തനം നടത്തുന്ന താന്‍ ഒരു ഘട്ടത്തില്‍ പോലും ഇത്തരം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ തന്നെ ഈ പ്രസ്താവന പരസ്യമായി പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാണ് താവ്ഡെ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലാത്ത പക്ഷം നൂറ് കോടിരൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ വിനോദ് താവ്ഡെയുമായി ബന്ധപ്പെട്ട വിവാദമുണ്ടായത്. പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ താവ്ഡെയയും സഹപ്രവര്‍ത്തകരെയും തടയുകയായിരുന്നു. ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് നോട്ട് കെട്ടുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതും സംഭവുമായി ബന്ധപ്പെട്ട് പ്രചരിച്ച ദൃശ്യങ്ങളിലുണ്ടായിരുന്നു.
പിന്നീട് പോലീസെത്തി താവ്ഡെയെ ഇവിടെ നിന്ന് മാറ്റിയിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ പത്തുലക്ഷത്തോളം രൂപയും ചില രേഖകളും കണ്ടെത്തിയതായി ജില്ല ഭരണകൂടം വ്യക്തമാക്കി. വൈകാതെ തന്നെ ബി.ജെ.പിയും വിനോദ് താവ്ഡെയും സംഭവം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാനാണ് തങ്ങളുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ വിനോദ് താവ്ഡെ ഹോട്ടലിലെത്തിയതെന്നാണ് ബിജെപി നിലപാട്. വിഷയത്തില്‍ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രധാന നേതാവായ വിനോദ് താവ്ഡെ ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രധാനിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.