റാഞ്ചി: ജാർഖണ്ഡ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ എല്ലാ കണ്ണുകളും മുൻ മുഖ്യമന്ത്രി ചംപയ് സോറൻ മത്സരിക്കുന്ന സെരായ്കെലയിൽ. ജാർഖണ്ഡ് മുക്തി മോർച്ച വിട്ട് ബിജെപിയിൽ ചേർന്ന ചംപയ് സോറനാണ് എൻഡിഎ സഖ്യത്തിന്റെ തുറുപ്പുചീട്ട്. സെരായ്കെലയിൽ ചംപയ് സോറനെതിരെ മത്സരിക്കുന്നത് ജെഎംഎമ്മിന്റെ ഗണേഷ് മഹാലിയാണ്.
കഴിഞ്ഞ തവണ ചംപയ്ക്കെതിരെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ഗണേഷ് മഹാലി. അഞ്ചു വർഷം മുമ്പ് തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയ അതേ സ്ഥാനാർഥികൾ തമ്മിൽ പാർട്ടികൾ പരസ്പരം വച്ചുമാറിയതു പോലൊരു പോരാട്ടം. അതാണ് സെരായ്കെലയിലേത്. 2005 മുതൽ സെരായ്കെലയെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത് ചംപയ് സോറനാണ്.
ആദിവാസി ഭൂമി തട്ടിയെടുത്തെന്ന കേസിൽ ജെഎംഎം നേതാവ് ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഫെബ്രുവരി മുതൽ ജൂലൈ വരെ ജാർഖണ്ഡിലെ ജെഎംഎം–കോൺഗ്രസ് സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു ചംപയ് സോറൻ. എന്നാൽ ജൂലൈയിൽ ഹേമന്ത് സോറൻ ജയിൽമോചിതനായി തിരിച്ചെത്തി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ ഓഗസ്റ്റിൽ ചംപയ് സോറൻ ജെഎംഎം വിട്ടു. ഹേമന്തിന്റെ ഭാര്യ കല്പന സോറൻ ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വത്തിൽനിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് ആരോപിച്ചായിരുന്നു രാജി.
അതേസമയം, ജെഎംഎം വിട്ടെത്തിയ ചംപയ് സോറനെ സരെയ്കെലയിൽ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ ബിജെപിയ്ക്കുള്ളിൽ വൻ പ്രതിഷേധമാണുണ്ടായത്. ജെഎംഎം വിട്ടെത്തിയ ചംപയ്‌യുടെ കുടുംബാംഗങ്ങൾക്കും മറ്റു പ്രമുഖ നേതാക്കൾക്കും ബിജെപി സീറ്റ് നൽകി. ഇതിൽ പ്രതിഷേധിച്ച് ഒട്ടേറെ ബിജെപി നേതാക്കൾ മറുകണ്ടം ചാടി ജെഎംഎമ്മിലുമെത്തി. ഇതിൽ പ്രധാനിയാണ് ഗണേഷ് മഹാലി.
മഹാലിയെത്തന്നെ ജെഎംഎം സരെയ്കെലയിൽ ചംപയ്‌യ്ക്കെതിരെ മത്സരത്തിന് നിയോഗിച്ചു. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റത്തിനും ആദിവാസികളുടെ അവകാശങ്ങൾക്കും വേണ്ടി സംസാരിച്ചതിന് ചംപയ്‌യെ ജെഎംഎം നിർന്ധപൂർവം രാജിവയ്പ്പിച്ചുവെന്നാണ് ചംപയ് സോറനുവേണ്ടി ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ പറഞ്ഞത്.
ജാർഖണ്ഡിലെ 81 മണ്ഡലങ്ങളിൽ 43 ഇടത്താണ് ഇന്ന് വോട്ടെടുപ്പ്. ചംപയ്‌യുടെ മകൻ ബാബുലാൽ സോറൻ, മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീര മുണ്ട തുടങ്ങിയവരും ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 20ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.