കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ യോഗ്യത റൗണ്ടില്‍ ഗോള്‍ വേട്ട തുടര്‍ക്കഥയാക്കി കേരളം. കഴിഞ്ഞ മത്സരത്തില്‍ ലക്ഷദ്വീപിനെതിരേ ഏകപക്ഷീയമായ പത്തു ഗോളിന്റെ ആധികാരിക ജയം നേടിയ കേരളം, ഞായറാഴ്ച പുതുച്ചേരിക്കെതിരെയും അര ഡസനിലധികം ഗോളുകള്‍ നേടി സമാന മികവ് ആവര്‍ത്തിച്ചു. പുതുച്ചേരിക്കെതിരെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. മുന്നേറ്റതാരങ്ങളായ ഇ. സജീഷും നസീബ് റഹ്മാനും ഇരട്ട ഗോളുകള്‍ നേടി. ഇതോടെ ഡിസംബറില്‍ ഹൈദരാബാദില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തിലേക്ക് കേരളം യോഗ്യത നേടി.
കഴിഞ്ഞ രണ്ടുമത്സരങ്ങളിലും വിജയിച്ച കേരളത്തിന് ഇന്ന് ഫൈനല്‍ റൗണ്ട് യോഗ്യതയ്ക്ക് പുതുച്ചേരിക്കെതിരേ സമനില മതിയായിരുന്നു. എന്നാല്‍, എതിര്‍വല നിറച്ച് ആധികാരികമായിത്തന്നെ കേരളം യോഗ്യത ഉറപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ പത്താം മിനിറ്റു മുതല്‍ കേരളം നിറയൊഴിക്കല്‍ തുടര്‍ന്നു. കേരളത്തിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മുന്നേറ്റ സൂപ്പര്‍ താരം ഗനി അഹമ്മദ് നിഗം ഒരു പിഴവും വരുത്താതെ ബോക്സിന്റെ ഇടതുമൂലയിലെത്തിച്ചു.
പതിന്നാലാം മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോള്‍. ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് പി.ടി. മുഹമ്മദ് റിയാസ് നല്കിയ പന്ത് പുതുച്ചേരിയുടെ കൂട്ടപ്രതിരോധത്തെ മറികടന്ന് നസീബ് റഹ്മാന് വലയിലെത്തിക്കുകയായിരുന്നു. നസീബിന്റെ വ്യക്തിഗത ബ്രില്യന്‍സ് കൂടി അടയാളപ്പെടുത്തുന്നതായിരുന്നു ഈ ഗോള്‍. 19-ാം മിനിറ്റില്‍ ഇ. സജീഷും ഗോള്‍ നേടി. മുഹമ്മദ് മുഷ്റഫിന്റെ അസിസ്റ്റാണ് ഗോളിന് വഴിവെച്ചത്. പുതുച്ചേരിയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ഗോള്‍. പത്ത് മിനിറ്റിനിടെ മൂന്ന് ഗോളുകള്‍. 29-ാം മിനിറ്റില്‍ ഗനിയുടെ ഒരു നീക്കം പുതുച്ചേരി ഗോള്‍കീപ്പര്‍ പി.എസ്. യശ്വന്ത് തടഞ്ഞിട്ടു.
പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റി ഡേവിസിന്റെ വകയായിരുന്നു കേരളത്തിന്റെ നാലാം ഗോള്‍. 53-ാം മിനിറ്റില്‍ മധ്യത്തില്‍നിന്ന് എം. മനോജ് നല്കിയ പന്ത് തലയില്‍ സ്വീകരിച്ച ക്രിസ്റ്റി, ബോക്സിലേക്ക് ഉതിര്‍ത്തശേഷം പുതുച്ചേരി ഗോളിയെയും മറികടന്ന് പന്ത് വലയില്‍ എത്തിക്കുകയായിരുന്നു. 65-ാം മിനിറ്റില്‍ നസീബ് റഹ്മാനും രണ്ടു മിനിറ്റുകള്‍ക്ക് ശേഷം ഈ സജീഷും ഗോള്‍ നേടിയതോടെ കേരളം 6-0 ന് മുന്നിലെത്തി. മത്സരത്തില്‍ ഇരുവരുടെയും ഇരട്ട ഗോളുകള്‍ കൂടിയായിരുന്നു ഇവ. 71-ാം മിനിറ്റില്‍ ടി. ഷിജിനും ഗോള്‍ സംഭാവന ചെയ്തു. മുഹമ്മദ് റിയാസിന്റെ അസിസ്റ്റ് ഒരിക്കല്‍ക്കൂടി ഗോളിലേക്ക് വഴിവെച്ചു.
ദുര്‍ബലമായ പ്രതിരോധം ആയിരുന്നു പുതുച്ചേരിയുടേത്. ലക്ഷ്യബോധമോ മെച്ചപ്പെട്ട കളി തന്ത്രങ്ങളോ അവര്‍ക്കില്ലായിരുന്നു. പ്രതിരോധത്തിലെ അപാകം മുതലെടുത്താണ് കേരളത്തിന്റെ ഗോളുകള്‍. അതേസമയം, നിരവധി ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.
യോഗ്യതാ മത്സരത്തില്‍ റെയില്‍വേസിനോട് ഏകപക്ഷീയമായ ഒരു ഗോളിനും ലക്ഷദ്വീപിനോട് എതിരില്ലാത്ത പത്ത് ഗോളിനും കേരളം വിജയിച്ചിരുന്നു. പുതുച്ചേരിയെക്കൂടി തകര്‍ത്തതോടെ ഗ്രൂപ്പ് എച്ചില് തോല്‍വിയറിയാത്ത ഒരേയൊരു ടീമായി കേരളം മാറി. ഒന്‍പത് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തോടെയാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ട് യോഗ്യതാ ബര്‍ത്ത്.
മൂന്ന് മത്സരത്തിലും കേരളത്തിനൊറ്റ ഗോള്‍പോലും വഴങ്ങേണ്ടി വന്നില്ല എന്ന പ്രത്യേകതയുമുണ്ട്. മാത്രവുമല്ല, മൂന്ന് ടീമുകള്ക്കെതിരെയായി 18 ഗോളുകള്‍ നേടാനും കേരളത്തിന് കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.