കോഴിക്കോട്: തീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രത്തിൽ ലേഖനം. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്ക് ഉള്ളതല്ലെന്ന് ലേഖനത്തിൽ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം.
വഖഫ് ഭൂമിയെച്ചൊല്ലിയുള്ള ഇപ്പോഴത്തെ തർക്കം പലർക്കും സ്വന്തം താത്പര്യം സംരക്ഷിക്കാൻകൂടിയാണ്. രാഷ്ട്രീയപാർട്ടികൾ വിഷയത്തെ നിസാരവത്കരിക്കുന്നു. മുനമ്പത്തെ ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഫാറൂഖ് കോളേജ് അധികൃതരും വഖഫ് ബോർഡും മാറിമാറിവന്ന സർക്കാരുകളുമാണ്. വിഷയത്തിൽ ഫാറുഖ് കോളേജിന്റെ ദുരൂഹമൗനം അത്ഭുതപ്പെടുത്തുന്നതാണ്.
ചില രാഷ്ട്രീയ നേതാക്കൾ എന്ത് അടിസ്ഥാനത്തിലാണ് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത്. മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം ആശങ്കയുണ്ടാക്കുന്നത്. മുനമ്പത്തെ കുടികിടപ്പുകാർ നിരപരാധികൾ. അവർക്ക് നീതി ലഭിക്കണം. എന്നാൽ, റിസോർട്ട് ഉടമകളും വമ്പൻ മാഫിയകളുമൊക്കെയാണ് ഭൂമി പിടിച്ചെടുക്കാന്‍ രംഗത്തുള്ളത്.
താത്പര്യങ്ങളുടേയും അഡ്ജസ്റ്റുമെന്റുകളുടേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്ത്. വിഷയത്തിൽ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാർ വിഷയത്തിൽ ഇടപെടണം. സർക്കാരിന് തെറ്റ് പറ്റിയെങ്കിൽ തിരുത്തുകയും വേണം. എന്നാൽ, അത് വഖഫ് ഭൂമി ഏറ്റെടുത്ത് കൊണ്ടാകരുത് എന്നും ലേഖനത്തിൽ പറയുന്നു.
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും 1950-ലാണ് അത് വഖഫായതെന്നും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യാഴാഴ്ച പറഞ്ഞിരുന്നു. 404 ഏക്കർ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളത്. വഖഫ് സ്വത്ത് വിൽക്കാൻപാടില്ല. അതറിയാതെ സ്ഥലം വാങ്ങിയവർക്ക് വിറ്റവരിൽനിന്ന് വില തിരികെ വാങ്ങിക്കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
അവിടെ ആളുകളെ ഇളക്കിവിടുന്നത് അറുപതോളം റിസോർട്ടുകാരാണ്. നിരപരാധികളായ കുടിയേറ്റക്കാരെ രക്ഷിക്കണം. അങ്ങനെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. കോഴിക്കോട് ഫാറൂഖ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫാണ്. തന്റെ വാക്കുകൾ ചില ചാനലുകൾ നിരന്തരം വളച്ചൊടിക്കുകയാണെന്നും താൻ പറയുന്നതും സമസ്തയുടെ നിലപാടും ഒന്നുതന്നെയാണെന്നും ഉമർ ഫൈസി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.