പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. പിന്നാലെ ബാറ്റേന്തിയ ഓസ്ട്രേലിയക്ക് 104 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 18 ഓവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയാണ് ഓസ്ട്രേലിയയെ വേഗത്തില്‍ ഒതുക്കിയത്.
79-ല്‍ ഒന്‍പത് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നിരുന്ന ഓസ്ട്രേലിയയെ പത്താം വിക്കറ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് 100 കടത്തിയത്. ടീമിന്റെ ഏറ്റവും വലിയ പാര്‍ട്ണർഷിപ്പും പത്താം വിക്കറ്റിലേതുതന്നെ-25 റണ്‍സ്. നേരത്തേ നാലുവിക്കറ്റുമായി ഹേസല്‍വുഡും രണ്ട് വിക്കറ്റുമായി സ്റ്റാര്‍ക്കും ബൗളിങ്ങിലും തിളങ്ങിയിരുന്നു. 112 പന്തില്‍ 26 റണ്‍സ് നേടിയ സ്റ്റാര്‍ക്കാണ് ടോപ് സ്കോറര്‍. ഹേസല്‍വുഡ് 31 പന്തില്‍ ഏഴ് റണ്‍സ് നേടി.
കഴിഞ്ഞ ദിവസം ഏഴിന് 67 എന്ന നിലയില്‍ തകര്‍ന്ന ഓസ്ട്രേലിയ, രണ്ടാംദിനം 37 റണ്‍സ്കൂടി അധികം ചേര്‍ത്തു. അലക്സ് കാരിയെ പുറത്താക്കി ബുംറയാണ് ഇന്നും വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്നുള്ള രണ്ട് വിക്കറ്റുകള്‍ ഹര്‍ഷിത് റാണയും പിഴുതു. ഇതോടെ റാണയ്ക്ക് മൂന്ന് വിക്കറ്റ്. സിറാജിന് രണ്ട് വിക്കറ്റുമുണ്ട്.
നേരത്തേ ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. 41 റണ്‍സ് നേടിയ നിതീഷ് റെഡ്ഢിയും 37 റണ്‍സ് നേടിയ ഋഷഭ് പന്തും 26 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ടോപ് സ്കോറര്‍മാര്‍. ജയ്സ്വാള്‍, കോലി, ദേവ്ദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി. ധ്രുവ് ജുറേല്‍ 11 റണ്‍സ് നേടി. നാല് വിക്കറ്റുമായി ഹേസല്‍വുഡും രണ്ടുവീതം വിക്കറ്റുകളോടെ സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും മിച്ചല്‍ മാര്‍ഷുമാണ് ഓസീസിന്റെ വിക്കറ്റുവേട്ടക്കാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.