മണിപ്പൂർ: ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും അശാന്തി പുകഞ്ഞുതുടങ്ങിയ മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ കൂടുതൽ സേനയെ അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2500ലധികം അർദ്ധ സൈനികരെയാണ് മണിപ്പൂരിലേക്ക് അയയ്ക്കുന്നത്.
ആക്രമണങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ജിരിബാമിയിലാണ് ഇവരെ വിന്യസിക്കുക. നിലവിൽ 29,000ത്തിലധികം പേർ അടങ്ങുന്ന 218 കമ്പനി കേന്ദ്ര സായുധ പൊലീസ് സംഘത്തെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ അസം റൈഫിൾസും രംഗത്തുണ്ട്. ഈ മാസം മാത്രം പതിമൂന്നുമരണങ്ങളാണ് മണിപ്പൂരിൽ റിപ്പോർട്ടുചെയ്തത്.
സംസ്ഥാനത്തെ വളരെ വേഗം സാധാരണ നിലയിലേക്ക് എത്തിക്കാനാണ് കൂടുതൽ സൈന്യത്തെ നിയോഗിക്കുന്നത്. 115 സിആർപിഎഫ് കമ്പനികൾ, ആർഎഎഫിൽ നിന്ന് എട്ട്, ബിഎസ്എഫിന്റെ 84, അഞ്ച് ഐടിബിപി യൂണിറ്റുകൾ, എസ്എസ്ബിയിൽ നിന്ന് ആറ് എന്നിങ്ങനെയാണ് പുതുക്കിയ സൈനിക വിന്യാസം.
കഴിഞ്ഞദിവസം സുരക്ഷാ സേനയും ആയുധധാരികളായ കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ ജിരിബാം ജില്ലയിൽ മൂന്നുസ്ത്രീകളെയും മൂന്നുകുട്ടികളെയും കാണാനില്ലെന്നാണ് പൊലീസ് പറയുന്നത്. പതിമൂന്നുപേരെയാണ് കാണാതായത്. ഇതിൽ അഞ്ചുപേരെയും രണ്ടുപേരുടെ മൃതദേഹവും പിന്നീട് കണ്ടെത്തി. ശേഷിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. ഇവരെ കണ്ടെത്തിയോ എന്ന് വ്യക്തമല്ല. കാണാതായവരെ കുക്കി വിഭാഗം തട്ടിക്കൊണ്ടുപോയി എന്നാണ് മെയ്ത്തി വിഭാഗക്കാരുടെ ആരോപണം.
മേഖലയിൽ ഇപ്പോഴും സംഘടിത ആക്രമണങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. നിരവധി കെട്ടിടങ്ങളാണ് ആയുധങ്ങളുമായി എത്തുന്ന അക്രമി സംഘങ്ങൾ അഗ്നിക്കിരയാക്കുന്നത്. കഴിഞ്ഞദിവസം ആയുധ ധാരികളായ പത്ത് കുക്കികളെ സൈന്യം വധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.