ന്യൂഡല്‍ഹി: കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതികളും ജഡ്ജിമാരും ആണെന്ന് സുപ്രീം കോടതി. പ്രതികള്‍ക്ക് ശിക്ഷ വിധിക്കുന്ന ജഡ്ജിയാകാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി.ആര് ഗവായ്, കെ.വി വിശ്വനാഥന് എന്നിവര്‍ അടങ്ങിയ ബെഞ്ച് വിധിച്ചു.
കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീടുകള്‍ ശിക്ഷയെന്ന നിലയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിനുള്ള മാര്‍ഗരേഖ സുപ്രീം കോടതി പുറത്തിറക്കി.
കേസുകളില്‍ ശിക്ഷിക്കപെട്ടവരുടെ വീടുകള്‍ പോലും തകര്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹീനമായ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്ക് പോലും ശിക്ഷ തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ്. പാര്‍പ്പിടം ഭരണഘടന പൗരന് ഉറപ്പ് നല്കുന്ന അവകാശം ആണ്. കെട്ടിടങ്ങള്‍ പൊളിക്കുന്ന സര്‍ക്കാരുകളുടെ ഏകപക്ഷീയമായ നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഏതെങ്കിലും ഒരു പ്രതിയുടെ വീട് നിയമപ്രകാരമല്ലാതെ പൊളിച്ചാല്‍ അവര്‍ക്ക് നഷ്ടപരിഹാരം തേടി കോടതിയെ സമീപിക്കാവുന്നത് ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമ വിരുദ്ധമായ പൊളിക്കലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതെ സമയം വ്യക്തികളുടെ അനധികൃത നിര്‍മാണങ്ങള്‍ നിയമപരമായി പൊളിക്കാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അങ്ങനെ പൊളിക്കുമ്പോള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കണം. ആ നോട്ടീസ് കോടതിയില്‍ ചോദ്യം ചെയ്യാന്‍ കെട്ടിട ഉടമകള്‍ക്ക് അവസരം നല്‍കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.