പാലക്കാട്: 5000ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും തന്നെ ശ്രമിച്ചെന്നും, അത്തരത്തിലുള്ളവരുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്നും കൃഷ്ണകുമാർ അവകാശപ്പെട്ടു.
ബിജെപിയുടെ ശക്തികേന്ദ്രമായ നഗരപരിധിയിൽ ഞങ്ങൾ വിചാരിച്ചതിലും പോളിങ് കൂടിയെന്നും എൽഡിഎഫും യുഡിഎഫും അവരുടെ ശക്തി കേന്ദ്രങ്ങളെന്ന് അവകാശപ്പെടുന്ന പഞ്ചായത്തുകളിൽ പോളിങ് കുറഞ്ഞെന്നും കൃഷ്ണകുമാർ പറഞ്ഞു. കണ്ണാടിയിലും മാത്തൂരും ഒന്നാം സ്ഥാനത്തോ അല്ലെങ്കിൽ രണ്ടാം സ്ഥാനത്തോ എൻഡിഎ വരുമെന്ന് സി കൃഷ്ണകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘പതിനായിരത്തിൽ അധികം വോട്ടുകളുടെ ലീഡാണ് നഗരസഭാ പരിധിയിൽ പ്രതീക്ഷിക്കുന്നത്. യുഡിഎഫിന് പിരായിരി പഞ്ചായത്തിൽ ലഭിക്കുന്ന ലീഡിനെ മറികടക്കാനുള്ള ഭൂരിപക്ഷം നഗരസഭാ പരിധിയിൽ എൻഡിഎയ്ക്ക് കിട്ടും. കഴിഞ്ഞ തവണ മൂന്ന് പഞ്ചായത്തുകളിലും മൂന്നാം സ്ഥാനമായിരുന്നു എൻഡിഎയ്ക്ക്. ഇത്തവണ പിരായിരി പഞ്ചായത്തിൽ രണ്ടാംസ്ഥാനത്തേക്ക് വരും.
മറ്റുരണ്ട് പഞ്ചായത്തുകളിൽ യുഡിഎഫിനും എൽഡിഎഫിനും ഒപ്പമോ അല്ലെങ്കിൽ ഇരുമുന്നണികളെയും മറികടന്ന് മുന്നോട്ടുപോകാനുമാകും’, കൃഷ്ണകുമാർ അവകാശപ്പെട്ടു. പതിനായിരത്തിലധികം വോട്ടുകൾക്ക് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷം രാഹുലിന് കിട്ടുമോ എന്നായിരുന്നു മറുപടി.
സന്ദീപ് വാര്യരുടെ യുഡിഎഫ് പ്രവേശം ബിജെപിക്ക് ഗുണംചെയ്തെന്നും യുഡിഎഫിന് തിരിച്ചടിയായെന്നും കൃഷ്ണകുമാർ പറഞ്ഞു. 2012ൽ മോദിയുടെ ഫ്ലക്സ് ബോർഡ് കീറിയതിന്റെ പേരിൽ കലാപമുണ്ടാക്കി സന്ദീപ് ഒളിവിൽ പോയി താമസിച്ച സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളേയും ആ പ്രദേശത്തെ പ്രവർത്തകരേയും ആശ്വസിപ്പിക്കാൻ താനേ ഉണ്ടായിരുന്നുള്ളൂവെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
ചിട്ടയായ പ്രവർത്തനമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം പാർട്ടി കാഴ്ചവെച്ചത് എന്നും കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്ക് ഒരുതരത്തിലും പാർട്ടിയെ ബാധിക്കില്ല. അതീ പ്രസ്ഥാനത്തിന്റെ ഗുണമാണ്. സന്ദീപിന്റെ പഴയ പല വാട്സ്ആപ്പ് ചാറ്റുകളും പ്രവർത്തകർ കുത്തിപ്പൊക്കിയിട്ടുണ്ട്. താൻ ആരാണെന്ന് സാധാരണ പ്രവർത്തകർക്കറിയാം. സന്ദീപിന് ആരെയും സ്വാധീനിക്കാനുള്ള ശേഷിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.