സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20-യില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് യുവതാരം തിലക് വര്‍മയുടെ തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു. പതിവിനു വിപരീതമായി മൂന്നാം നമ്പറില്‍ (വണ്‍ഡൗണ്‍) ബാറ്റിങ്ങിനിറങ്ങിയ തിലക്, 56 പന്തില്‍ നിന്ന് ഏഴു സിക്സും എട്ട് ഫോറുമടക്കം 107 റണ്‍സോടെ പുറത്താകാതെ നിന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം 107 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും തിലകിനായി. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായതും.
ഇപ്പോഴിതാ തിലകിനെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിയക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. രണ്ടാം ടി20 മത്സരത്തിനു ശേഷം തന്റെ മുറിയിലേക്കുവന്ന തിലക് അടുത്ത മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നുവെന്നാണ് സൂര്യയുടെ വെളിപ്പെടുത്തല്‍. ഇതോടെയാണ് തന്റെ സ്ഥിരം സ്ഥാനമായ വണ്‍ഡൗണ്‍ പൊസിഷന്‍ സൂര്യ, തിലകിന് നല്‍കിയത്. തകര്‍പ്പന്‍ സെഞ്ചുറിയുമായി തിലക് തന്റെ വാക്കുപാലിക്കുകയും ചെയ്തു.ടി20 ടീമില്‍ തിലക് മൂന്നാം നമ്പറില്‍ തന്നെ ഇനി ബാറ്റിങ് തുടരുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
യഥാക്രമം 33, 20 എന്നിങ്ങനെയായിരുന്നു പരമ്പരയിലെ ആദ്യരണ്ട് മത്സരങ്ങളിലും നാലാം നമ്പറിലിറങ്ങിയ തിലകിന്റെ സ്കോറുകള്‍. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റിയാന്‍ പരാഗ് എന്നിവരുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ ആ സ്കോറുകള്‍ മതിയാകില്ലെന്ന് തിലകിന് അറിയാമായിരുന്നു.
ഇതോടെയാണ് രണ്ടുംകല്‍പ്പിച്ച് ക്യാപ്റ്റനോട് മൂന്നാം സ്ഥാനം ആവശ്യപ്പെടാന്‍ താരത്തെ പ്രേരിപ്പിച്ചത്. ചോദിക്കുക മാത്രമല്ല, മികച്ച ഇന്നിങ്സോടെ ആ ആവശ്യത്തോട് നീതിപുലര്‍ത്തുകയും ചെയ്തു താരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.