ചണ്ഡീഗഢ്: കാണാതായ 21-കാരിയുടെ മൃതദേഹം മൂന്നുദിവസത്തിനു ശേഷം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയ്ക്കുള്ളില്‍നിന്ന് കണ്ടെടുത്തു. പഞ്ചാബ് ലുധിയാനയിലെ ആസാദ് നഗറിലാണ് സംഭവം. യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. വിശ്വനാഥ് എന്നയാളുടെ മുറിയില്‍നിന്നാണ് ശനിയാഴ്ച, യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിശ്വനാഥിനെ ഒക്ടോബര്‍ മുപ്പതാം തീയതി മുതല്‍ കാണാനില്ല.
യുവതിയുടെ ശരീരത്തില്‍ പുറമേയ്ക്ക് പരിക്കുകള്‍ ഒന്നും കാണാനില്ലെന്നും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്നും പോലീസ് പറഞ്ഞു. അഞ്ചുകൊല്ലമായി താനും കുടുംബവും ആസാദ് നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. സമീപത്തെ മുറിയിലെ താമസക്കാരനായിരുന്നു വിശ്വനാഥ്. ഫഗ്വാരയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനാണെന്നാണ് വിശ്വനാഥന് പറഞ്ഞിരുന്നതെന്നും യുവതിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ മുപ്പതാം തീയതി, ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് തന്നെ ജലന്ധര്‍ ബൈപാസിലേക്ക് വിശ്വനാഥ് കൊണ്ടുപോയെന്നും യുവതിയുടെ പിതാവ് പറഞ്ഞു. സലേം തബരിക്ക് സമീപം കാത്തുനില്ക്കാന് പറഞ്ഞു. മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും വിശ്വനാഥിനെ കാണാതെ വന്നതോടെ താന്‍ വീട്ടിലേക്ക് മടങ്ങി. വിശ്വനാഥിന്റെ മുറി ആ സമയം പൂട്ടിയിട്ട നിലയിലായിരുന്നു. മകള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ തന്നെ വിളിക്കുകയും യുവതി ജോലിക്ക് ചെന്നില്ലെന്ന് പറയുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശ്വനാഥ് തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ശനിയാഴ്ച വീട്ടുടമസ്ഥന് വാതില്‍ തുറന്നപ്പോഴാണ് മകളുടെ മൃതദേഹം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൃതദേഹം അഴുകിയ നിലയിലാണുള്ളതെന്നും കാണാതായ ദിവസം തന്നെ യുവതി കൊല്ലപ്പെട്ടിരിക്കാമെന്നും മോഡല്‍ ടൗണ്‍ എസ്.എച്ച്.ഒ. സബ് ഇന്‍സ്പെക്ടര്‍ അവ്നീത് കൗര്‍ കൂട്ടിച്ചേര്‍ത്തു. യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.