തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നതു സര്‍ക്കാരും മന്ത്രിയുമാണു തീരുമാനിക്കേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കോടതി ഉത്തരവ് വിശദമായി പഠിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഭരണഘടനയെ ആക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ഇന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. കേസന്വേഷണം വേഗത്തില്‍ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. മന്ത്രിയുടെ ചില പരാമർശങ്ങളിൽ ഭരണഘടനയോടുള്ള അനാദരവുണ്ടെന്നു പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. 2022 ജൂലൈ മൂന്നിനു പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
കേസ് നിലനില്ക്കുമ്പോള് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ചിരുന്നു. ഭാവിയില്‍ ഇക്കാര്യത്തില്‍ തിരിച്ചടി ഉണ്ടായാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന സന്ദേശം മുഖ്യമന്ത്രിക്കു നല്കിയ ശേഷമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.