കൊച്ചി: മനോഹരമായ പ്രൗഢിയിൽ തന്നെ കൊച്ചിയെ നിലനിർത്താൻ ശക്തമായി ഇടപെടുമെന്ന് ഹൈക്കോടതി. കായലും, ദ്വീപുകളും കടലോരവും കപ്പൽശാലയുമൊക്കെയുള്ള മനോഹരനഗരം കൊച്ചിയെപ്പോലെ മറ്റൊന്ന് കാണില്ലെങ്കിലും നഗര സംരക്ഷണ കാര്യത്തിൽ ഏറെ പിന്നിലാണ്.
മഹാത്മാഗാന്ധിയുടെ പേരിലുള്ള പ്രധാന പാതയോടനുബന്ധിച്ച നടപ്പാതയുടെ സുരക്ഷപോലും ഇതുവരെ ഉറപ്പുവരുത്താനായിട്ടില്ല. കച്ചേരിപ്പടിയിൽ നടപ്പാതയില്ലാത്ത ഭാഗമുണ്ട്. ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളുടെ സുരക്ഷയിൽ കോടതിക്ക് ഏറെ ആശങ്കയുണ്ട്.നോർത്തിലെ ഒരുഭാഗത്ത് നടപ്പാത റോഡ് നിരപ്പിനെക്കാൾ താഴെയായതിനാൽ ഒരു മഴ വന്നാൽ നടക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. നടപ്പാതകളുടെ ദുരവസ്ഥ എം.ജി റോഡിന്റെ പ്രതാപം നഷ്ടപ്പെടാൻ പ്രധാന കാരണമായെന്ന് കോടതി വിലയിരുത്തി. നിലവിൽ അറ്റകുറ്റപ്പണിക്ക് പണമില്ലെന്നാണ് സർക്കാർ വാദം. കാൽനടയും ഗതാഗതവും സുഗമമാക്കിയാൽ ഒഴിഞ്ഞുപോയ വ്യാപാരസ്ഥാപനങ്ങളും എം.ജി റോഡിന്റെ പ്രൗഢിയും വരുമാനസ്രോതസ്സും മടങ്ങിവരും.
അറ്റകുറ്റപ്പണിക്ക് കുഴിച്ചിടത്ത് വേണ്ടവിധം വേലി കെട്ടാത്തതുമൂലമാണ് ഫോർട്ട്കൊച്ചിയിൽ ആയുർവേദ ചികിത്സക്കെത്തിയ ഫ്രഞ്ച് പൗരന് കാനയിൽ വീണ് പരിക്കേറ്റതെന്ന് സ്മാർട്ട് സിറ്റി മിഷൻ അറിയിച്ചു. സന്ദർശകർ എത്തുന്നിടത്ത് റോഡ് സുരക്ഷ ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടതി കളക്ടർക്ക് നിർദേശം നൽകി.
ഇരുട്ടിയാൽ പലയിടങ്ങളും സാമൂഹികവിരുദ്ധരുടെ താവളമാകാൻ സാധ്യതയുള്ളതിനാൽ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിജസ്ഥിതി കളക്ടർ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.