തിരുവനന്തപുരം: പരിഷ്കരിച്ച മദ്യനയം സര്‍ക്കാരിന്റെ പരിഗണനയ്ക്കെത്തിയെങ്കിലും തിരഞ്ഞെടുപ്പുകാലത്ത് വിവാദം ഒഴിവാക്കാനായി ഇത് മന്ത്രിസഭ മാറ്റിവെച്ചു. ഒന്നാംതീയതിയിലെ മദ്യനിരോധനം (ഡ്രൈ ഡേ) ഒഴിവാക്കുക, രാവിലെയും വൈകീട്ടും അരമണിക്കൂര്‍വീതം ബാര്‍ സമയം കൂട്ടുക, ടൂറിസം മേഖലകളില്‍ ബിയറും വൈനും ലഭ്യമാക്കാന്‍ ഇളവുകള്‍ നല്‍കുക എന്നിവയായിരുന്നു കരട് നയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.
ഇവയില്‍ ഡ്രൈ ഡേ ഒഴിവാക്കുന്നതും ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടുന്നതും ടൂറിസം മേഖലയില്‍ മാത്രമായി ചുരുക്കാനാണ് പുതുക്കിയ നയത്തിലെ നിര്‍ദേശം. സംസ്ഥാനത്ത് പൊതുവായി ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും ബാറുടമകള്‍ ഓരോരുത്തരും ഓരോലക്ഷം രൂപവീതം പിരിവുനല്കണമെന്നുമുള്ള സംഘടനാ നേതാവിന്റെ ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പണപിരിവ് നടത്തുന്നത് സര്‍ക്കാരിനെതിരേയുള്ള അഴിമതി ആരോപണമായി മാറി. ഇതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നോട്ടുപോയത്.
തുടര്‍ന്ന്, ഇളവുകള്‍ ടൂറിസം മേഖലയ്ക്ക് മാത്രമാക്കി ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇങ്ങനെ പരിമിതപ്പെടുത്തിയെങ്കിലും മദ്യനയത്തില്‍ ഇളവുകള്‍ വരുത്തുന്നത് വീണ്ടും ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കാനുള്ള സാധ്യത കണ്ടാണ് തിരഞ്ഞെടുപ്പുകഴിഞ്ഞ് പരിഗണിക്കാമെന്ന നിര്‍ദേശമുയര്‍ന്നത്.
പല അന്താരാഷ്ട്ര സമ്മേളനങ്ങളും കമ്പനികളുടെ യോഗങ്ങളും ഡ്രൈഡേ കാരണം മറ്റുസംസ്ഥാനങ്ങളിലേക്ക് മാറിപ്പോകുന്നുവെന്നായിരുന്നു ഒന്നാംതീയതിയിലെ മദ്യനിരോധനമൊഴിവാക്കാന് സര്‍ക്കാര്‍ മുന്നോട്ടുവെച്ച ന്യായം.
എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പിന്റെ നിര്‍ദേശമായാണ് ഇത് കൊണ്ടുവന്നത്. ബാര്‍ സമയത്തില്‍ നിയന്ത്രണമുള്ളത് വിനോദസഞ്ചാരികളെ ബാധിക്കുന്നുവെന്നതായിരുന്നു സമയം കൂട്ടാന്‍ കാരണമായിപ്പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.