ന്യൂഡൽഹി: മലിനീകരണം സൃഷ്ടിക്കുന്ന ഒരുവിധത്തിലുള്ള പ്രവർത്തനത്തേയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. പടക്കങ്ങൾക്ക് രാജ്യവ്യാപകമായ നിരോധനം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. ഡൽഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. വർഷം മുഴുവനും ഗുരുതര വായുമലീനികരണം അഭിമുഖീകരിക്കുന്ന ഡൽഹിയിൽ നിർദ്ദിഷ്ടമാസങ്ങളിൽ മാത്രം പടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.
നിയന്ത്രണാതീതമായ രീതിയിൽ പടക്കം പൊട്ടിക്കുന്നത് ആരോഗ്യവാൻമാരായിരിക്കുക എന്ന പൗരൻമാരുടെ മൗലികാവകാശത്തേയും ബാധിക്കുമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിർദ്ദിഷ്ട സമയത്ത് മാത്രം ഡൽഹിയിൽ പടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്? വർഷം മുഴുവനും എന്തുകൊണ്ട് നിരോധനം നടപ്പാക്കുന്നില്ല? പടക്കങ്ങളുടെ നിർമാണത്തിനും വിൽപനയ്ക്കും ഉപയോഗത്തിനും എന്തുകൊണ്ടാണ് ഒക്ടോബറിനും ജനുവരിക്കും ഇടയിൽ മാത്രം നിരോധനം? വർഷം മുഴുവൻ അന്തരീക്ഷമലിനീകരണം അനുഭവപ്പെടുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഏതാനും മാസങ്ങളിൽ മാത്രം നിയന്ത്രണം?, കോടതി ചോദിച്ചു.
പടക്കങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയ നിരോധനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഡൽഹി സർക്കാരിനേയും പോലീസിനേയും കോടതി രൂക്ഷമായി വിമർശിച്ചു. ഡൽഹിയിൽ ഉത്സവകാലത്തും മലിനീകരണം രൂക്ഷമാകുന്ന മാസങ്ങളിലുമാണ് നിലവിലുള്ള നിയന്ത്രണ ഉത്തരവിൽ ശ്രദ്ധ ചെലുത്താനാവശ്യപ്പെടുന്നതെന്ന് സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. എന്നാൽ സോളിസിറ്ററിന്റെ വാദത്തിൽ തൃപ്തരാകാത്ത ബെഞ്ച് സ്ഥിരമായ വിലക്കെന്ന നിർദേശം മുന്നോട്ടുവെച്ചു.
പടക്കങ്ങളുടെ നിർമാണവും വിൽപനയും നിരോധിച്ചതിനോടൊപ്പം വിവാഹം, തിരഞ്ഞെടുപ്പ് തുടങ്ങിയ പരിപാടികൾക്ക് ഇളവ് അനുവദിച്ചുകൊണ്ട് ഒക്ടോബർ 14-ന് ഡൽഹി സർക്കാർ പുറത്തിറക്കിയ ഉത്തരവും കോടതി സൂക്ഷ്മായി പരിശോധിച്ചു. വിവാഹങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും പടക്കം പൊട്ടിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ടോയെന്നും ആരെല്ലാമാണ് ഇത് നടപ്പാക്കുന്നതെന്നും കോടതി ചോദിച്ചു. സമ്പൂർണ നിരോധനം നിലനിൽക്കേ പടക്കവിൽപനയ്ക്ക് ലൈസൻസ് നൽകരുതെന്ന് പറഞ്ഞ കോടതി, നിർമാണവും വിൽപനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഡൽഹി പോലീസ് കമ്മിഷണർക്ക് നിർദേശം നൽകുകയും ചെയ്തു.
നവംബർ 25-ന് മുൻപ്, ഒരു വർഷത്തേയ്ക്ക് പടക്കങ്ങൾ പൂർണമായി നിരോധിക്കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. പടക്കം പൊട്ടിക്കുന്നത് ആരെങ്കിലും മൗലികാവകാശമായി കണക്കാക്കുന്നുണ്ടെങ്കിൽ അവർ കോടതിയെ സമീപിക്കട്ടേയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.