ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ അലിഗഢ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി. 1967-ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്. അസീസ് ബാഷ കേസില്‍ പുറപ്പെടുവിച്ച വിധിയാണ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ സുപ്രീംകോടതി പുറത്തിറക്കി. ഈ മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തില്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ഏഴംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത, എസ്.സി. ശര്‍മ്മ എന്നിവര്‍ ഭിന്നവിധി എഴുതി.
ഒരു വിദ്യാഭ്യാസസ്ഥാപനം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ഥാപിച്ച് ഭരണം നടത്തുകയാണെങ്കില്‍ മാത്രമേ അവര്‍ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ സാധിക്കുകയുള്ളു എന്നാണ് 1967-ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ്. അസീസ് ബാഷ കേസില്‍ വിധിച്ചത്. അലിഗഢ് മുസ്ലിം സര്‍വ്വകലാശാല, പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായതിനാല്‍ ന്യൂനപക്ഷ പദവി അവകാശപ്പെടാനാകില്ലെന്നായിരുന്നു ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ ഭൂരിപക്ഷ വിധിയിലൂടെ റദ്ദാക്കപ്പെട്ടിരിക്കുന്നത്.
അഞ്ചുമാന്‍ ഇ.റഹ്മാനിയ കേസില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച്, അഞ്ച് അംഗ ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് അസീസ് ബാഷ കേസിലെ വിധി പുനഃപരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് 1981 നവംബര്‍ 26-ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിട്ടു. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വിഷയം സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് പരിഗണിച്ച് വിധി പ്രസ്താവം നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.