കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ വെടിക്കെട്ടപകടത്തിലെ പ്രതികളുടെ ജാമ്യം കാസർകോട് ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. കേസിലെ ആദ്യ മൂന്നു പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ഇന്നലെ വൈകിട്ടാണ് കോടതി ഉത്തരവ് പുറത്തുവന്നത്. കേസിലെ ആദ്യ മൂന്നു പ്രതികളായ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, കമ്മിറ്റി സെക്രട്ടറി ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ചതിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി.
വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ മരിച്ചിരുന്നു. കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് മരിച്ചത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. നീലേശ്വരത്തിനടുത്ത് ചോയ്യംകോട്ട് ഓട്ടോ ഡ്രൈവറായിരുന്നു സന്ദീപ്. ഒക്‌ടോബർ 28ന് അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ അപകടത്തിൽ 154 പേർക്ക് പരുക്കേറ്റത്.
വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രതീഷ് (32), ഷിബിൻ രാജ് (19) എന്നിവരുടെ നില അതീവ ഗുരുതരമാണ്. ഇരുവർക്കും 60 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 99 പേർക്കാണ് ചികിത്സയിലുള്ളത്. അതിൽ 4 പേർ വെന്റിലേറ്റർ സഹായം തേടുന്നുണ്ട്. 31 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് പൊള്ളലേറ്റവർ ചികിത്സയിലുള്ളത്.അതേസമയം, വെടിക്കെട്ടപകടം സംബന്ധിച്ച് എഡിഎം നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് വൈകുമെന്നു സൂചന. എക്സ്പ്ലോസീവ് ആക്ട് ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതിൽ പൂർണ വ്യക്തത വരുത്തേണ്ടതിനാലാണ് റിപ്പോർട്ട് വൈകുന്നത്. കലക്ടർ കെ.ഇമ്പശേഖറാണ് എഡിഎമ്മിൽ നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. എക്സ്പ്ലോസീവ് ആക്ട്, ദുരന്തനിവാരണ വകുപ്പുകൾ എന്നിവയാണ് എഡിഎമ്മിന്റെ അന്വേഷണത്തിൽ ഉൾപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.