തിരുവനന്തപുരം: മാനവീയം വീഥിക്കു സമീപം പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേൽപിച്ച കേസിൽ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെ (ലച്ചു–23) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ.
പ്രതികളുടെ നിർദേശപ്രകാരം ഷിജിത്തിനെ സ്നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്നേഹ മുങ്ങി.ഏറത്തെ വീട്ടിൽ നിന്ന് ഇന്നലെ രാവിലെയാണ് സ്നേഹയെ പിടികൂടിയത്. സ്നേഹ അഞ്ചാം പ്രതിയാണ്. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികൾ. നഗരത്തിലെ മാളിൽ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയംവീഥിയിൽ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങൾക്കു മുൻപ് തെറ്റിപ്പിരിഞ്ഞു. ലഹരി കേസുകളിൽ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോൾ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.
ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു ഷിജിത്തിനെ നിർബന്ധിച്ച് ആൽത്തറ–വെള്ളയമ്പലം റോഡിലേക്കു സ്നേഹ കൊണ്ടുപോവുകയും അവിടെ കാറിൽ കാത്തുകിടന്ന ഷിയാസും സംഘവും ആക്രമിക്കുകയുമായിരുന്നു. വ്യാഴം രാത്രി 10.30ന് ആയിരുന്നു സംഭവം. ഹൃദയത്തിലേറ്റ പരുക്കിനെ തുടർന്നു ഷിജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സ്നേഹയെ കോടതിയിൽ ഹാജരാക്കി. എസ്എച്ച്ഒ എസ്.വിമലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.