തൃശൂർ: ഭാഗ്യശാലിയാണോ ഭാഗ്യദോഷിയാണോ നിങ്ങളെന്നറിയാൻ ആഗ്രഹമുണ്ടെങ്കിൽ പുതുക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലേക്കു പോയാൽ മതി. ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾ തട്ടാതെ ദേശീയപാത കുറുകെ കടക്കാൻ കഴിഞ്ഞാൽ ഭാഗ്യശാലി. സീബ്രാലൈനിന്റെ സുരക്ഷിതത്വമുണ്ടെന്ന വിശ്വാസത്തിൽ റോഡ് കുറുകെ കടക്കുമ്പോൾ വണ്ടികൾ ഇടിച്ചിട്ടാൽ ഭാഗ്യദോഷി.
പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് കയറാൻ വേണ്ടി നിൽക്കുന്ന കെഎസ്ആർടിസി ബസും അമ്പല്ലൂർ ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്ക് തിരിയാൻ നിൽക്കുന്ന വാഹനങ്ങളും എല്ലാം കൂടി ചേർന്നു പുതുക്കാട് ജംക്‌ഷനിലുണ്ടാകുന്ന ആശയക്കുഴപ്പം. ഇത്തരം തിരിയലുകൾക്കായി വാഹനങ്ങൾ പെട്ടെന്ന് നിറുത്തുമ്പോൾ പുറകിൽ വന്ന് വാഹനങ്ങൾ ഇടിക്കുന്നതു നിത്യസംഭവമാണ്.
വാഹനത്തിലാണു സഞ്ചരിക്കുന്നതെങ്കിലും ഭാഗ്യം നിർണായകമാണ്. സിഗ്നൽ പോലുമില്ലാതെ ദേശീയപാതയ്ക്കു കുറുകെ കെഎസ്ആർടിസി ബസുകൾ വട്ടം തിരിയുമ്പോൾ ബ്ലോക്കിൽപ്പെടുകയോ പെട്ടെന്നു ബ്രേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയോ ചെയ്താൽ ഭാഗ്യദോഷി. അപകടമില്ലാതെ കടന്നുപോകാൻ കഴിഞ്ഞാൽ ഭാഗ്യശാലി. വർഷങ്ങളായി ടോൾ കൊടുത്തു പുതുക്കാട് വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ തലവിധിയാണിത്.
ഭയന്നു ഭയന്ന് യാത്ര തൃശൂരിൽ നിന്നു കെഎസ്ആർടിസി ബസിൽ കയറി ദേശീയപാത 544 വഴി യാത്ര ചെയ്തു പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിലിറങ്ങിയെന്നു കരുതുക. റോഡിന് എതിർവശത്തേക്കു നടന്നു പോകേണ്ട അത്യാവശ്യമുണ്ടെങ്കിൽ രണ്ടോ മൂന്നോവട്ടം ആലോചിക്കണം.
ആമ്പല്ലൂർ അടിപ്പാതയുടെ പണി തുടങ്ങുകയും ഗതാഗതം ഒറ്റവരിയാക്കുകയും ചെയ്തപ്പോൾ ഗതാഗതകുരുക്ക് കൂടി. എന്നാലും സർവീസ് റോഡുകളുടെ പണി എങ്ങുമെത്തിയില്ല.
സീബ്രാലൈനിൽ പോലും കാൽനടയാത്രക്കാർ അപകടത്തിൽപ്പെട്ട സംഭവങ്ങളേറെ. സീബ്രാ ലൈൻ ഉണ്ടെങ്കിലും ചീറിപ്പായുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്കായി നിർത്തിക്കൊടുക്കുന്ന പതിവില്ല. 500 മീറ്റർ അകലെ സിഗ്നൽ ഉള്ളതിനാൽ ഇവിടെ സിഗ്നലും സ്ഥാപിച്ചിട്ടില്ല.
പാലിയേക്കര ഭാഗത്തു നിന്നെത്തുന്ന ബസുകൾ സ്റ്റാൻഡിലേക്കു കയറുന്ന രീതി പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നു. ബസുകൾ വന്ന വേഗത്തിൽ തന്നെ സ്റ്റാൻഡിലേക്കു കയറുമ്പോൾ പിന്നാലെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു നിത്യ സംഭവമാണ്. ബസുകളുടെ ഇൻഡിക്കേറ്റർ പലപ്പോഴും പ്രവർത്തിക്കാറുമില്ല. പരിഹാരം പരിധിക്ക് പുറത്ത് സർവീസ് റോഡുകളുടെ പണി പൂർത്തിയാക്കി ബസുകൾ സ്റ്റാൻഡിലേക്കു കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഇതുവഴിയാക്കുകയാണ് ഒരു പരിഹാരം.
റോഡിനു മീതെ നടപ്പാത സ്ഥാപിച്ചാൽ ആളുകൾക്ക് വാഹനങ്ങളെ പേടിക്കാതെ റോഡ് മുറിച്ചു കടക്കാം. ബസ് സ്റ്റാൻഡിന് എതിർവശത്തു ബസ് കാത്തിരിപ്പുകേന്ദ്രം പണിതു നൽകുമെന്നു ദേശീയപാതാ അതോറിറ്റി പറഞ്ഞിരുന്നെങ്കിലും നടപടികൾ ഇഴയുകയാണ്. ഈ കാര്യങ്ങളിൽ എന്തെങ്കിലും പുരോഗതിയുണ്ടോയെന്നറിയാൻ അധികൃതരെ ഫോണിൽ വിളിച്ചാൽ ലഭിക്കുന്നതു സ്ഥിരം പ്രതികരണം തന്നെ, ‘വിളിക്കുന്നയാൾ പരിധിക്കു പുറത്താണ്.’
സർവീസ് റോഡ് എവിടെ ദേശീയപാതയുടെ ഇരുവശത്തും സർവീസ് റോഡുകളുടെ പണി പൂർത്തിയായിട്ടില്ല. ചെറുവാഹനങ്ങളടക്കം ആശ്രയിക്കുന്നതു പ്രധാന പാതയെ തന്നെ. ഈ ഭാഗത്തു റോഡിൽ തിരക്കേറുന്നതും ഇതുമൂലമാണ്. കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിൽ കയറാൻ റോഡിൽ യുടേൺ എടുക്കുന്ന മട്ടിൽ തിരിയുമ്പോൾ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും പതിവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.