കോട്ടയം∙ കേരളത്തിൽ ബിജെപി ഒരിടത്തും എത്തിയിട്ടില്ലെന്നും നേതാക്കൾ ഈഗോ അവസാനിപ്പിക്കണമെന്നും ബിജെപി മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ സി.കെ. പത്മനാഭൻ. നേതാക്കൾ ഒറ്റക്കെട്ടായി നിന്നെങ്കിൽ മാത്രമേ പാർട്ടി വളരുകയുള്ളൂ.
പാർട്ടിയെ ഒരുമിച്ചു കൊണ്ടുപോകേണ്ടതുണ്ടെന്ന് നേതാക്കൾക്ക് ഓർമ വേണം. ഒത്തൊരുമയോടെ നിന്നാൽ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും ബിജെപിക്ക് വളർച്ചയുണ്ടാകുമെന്നും സി.കെ.പത്മനാഭൻ പറഞ്ഞു. പാലക്കാട്ടെ തോൽവിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ബിജെപി ജയിച്ചിട്ടുള്ള മണ്ഡലമല്ല പാലക്കാട്. അതിനാൽ തന്നെ തോൽവി അപ്രതീക്ഷിതമല്ല. എന്നാൽ ഇത്രയും വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ല. തോറ്റുവെന്നുള്ളത് സത്യമാണ്. അത് പാർട്ടി പരിശോധിക്കണം. 5 ദിവസത്തെ വിയറ്റ്നാം സന്ദർശനം കഴിഞ്ഞ് പുലർച്ചെയാണ് ഞാൻ മടങ്ങിയെത്തിയത്. തോൽവിയെപ്പറ്റി കൂടുതൽ ഞാൻ ഇപ്പോൾ പറയുന്നില്ല’’– സി.കെ. പത്മനാഭൻ പറഞ്ഞു.
‘‘പാർട്ടിയിൽ മെബർഷിപ്പ് ചേർക്കുന്നത് ഊർജിതമായി നടക്കുകയാണ്. സംഘടനാ തലത്തിൽ പുനഃസംഘടന വൈകാതെയുണ്ടാകും. അപ്പോൾ സ്വാഭാവികമായും നേതൃമാറ്റം ഉണ്ടാകും. അതൊരു സ്വാഭാവിക പ്രക്രിയയാണ്’’– നേതൃമാറ്റം പാർട്ടിയിൽ ആവശ്യമാണോ എന്ന ചോദ്യത്തിനു പത്മനാഭന്റെ മറുപടി ഇതായിരുന്നു. സുരേന്ദ്രന്റെ പ്രവർത്തനങ്ങളിൽ തൃപ്തനാണോ എന്ന ചോദ്യത്തിനു ഓരോരുത്തരും ശരിയാണെന്നാണ് അവരവരുടെ വിചാരമെന്നായിരുന്നു പത്‌മനാഭന്റെ മറുപടി.
ഓരോ അധ്യക്ഷർക്കും ഓരോ ശൈലി ആയിരിക്കും. അതനുസരിച്ചാകും അവർ പ്രവർത്തിക്കുക. ഞങ്ങളുടെ കാലത്ത് പ്രവർത്തിച്ചവരെ പോലെയല്ല ഇപ്പോഴുള്ളവരുടെ പ്രവർത്തനം. നേതാക്കൾ ആത്മപരിശോധന നടത്തണം. തങ്ങൾ തിരുത്തണോയെന്ന് നേതാക്കൾ സ്വയം ചോദിക്കണമെന്നും പത്മനാഭൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.