ഉത്തര്‍പ്രദേശ്: സംഭാലിലെ ഷാഹി ജുമാ മസ്ജിദ് സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 4 പേര് കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചു. പ്രദേശത്ത് ജനങ്ങള്‍ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്.
നവംബര്‍ 30 വരെ അനുമതി ഇല്ലാതെ പുറത്തുനിന്നുള്ളവരോ സാമൂഹിക സംഘടനകളോ ജനപ്രതിനിധികളോ പ്രദേശത്ത് വിലക്കിയിട്ടുണ്ട്. നാല് പേരാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മസ്ജിദില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ അക്രമകാരികള്‍ വാഹനങ്ങള്‍ക്ക് തീയിട്ടു.
തുടര്‍ന്നാണ് പൊലീസ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സോഡ കുപ്പികള്‍, തീപിടിക്കുന്ന അല്ലെങ്കില്‍ സ്ഫോടക വസ്തുക്കള്‍ എന്നിവ വാങ്ങുന്നതും കൈവശം വയ്ക്കുന്നതും ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. സംഘര്‍ഷം ബിജെപി സൃഷ്ടിച്ചതാണെന്ന് സമാജ് വാദി പാര്‍ട്ടി വിമര്‍ശിച്ചു. മുഗള്‍ ഭരണ കാലത്ത് നിര്‍മിച്ച മസ്ജിദില്‍ സര്‍വേ നടത്താന്‍ കഴിഞ്ഞദിവസമാണ് കോടതി അനുമതി നല്‍കിയത്. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ത്താണ് അവിടെ മസ്ജിദ് പണിതതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഗ്യാന്‍വാപി-കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മസ്ജിദുകള്‍ക്കെതിരെ ഹര്‍ജി നല്കിയ അഭിഭാഷകരായ വിഷ്ണു ശങ്കര്‍ ജെയിനും പിതാവ് ഹരിശങ്കര്‍ ജെയിനുമാണ് സംഭാല്‍ മസ്ജിദിലും സര്‍വേ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.