കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രത്യേക അന്വേഷണ സംഘം 26 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതിയിൽ ഇന്ന് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലെ ജസ്റ്റിസുമാരായ ഡോക്ടർ എ കെ ജയശങ്കരൻ നമ്പ്യാരും സി എസ് സുധയും അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയതായും സർക്കാർ വ്യക്തമാക്കി. കേസിൽ അഭിഭാഷക മിത സുധീന്ദ്രനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.രജിസ്റ്റർ ചെയ്ത കേസുകളിൽ 18 എണ്ണത്തിൽ മൊഴി രേഖപ്പെടുത്താൻ അതിജീവിതർ സമയം തേടിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. അഞ്ച് അതിജീവിതർ നടപടികളുമായി മുന്നോട്ട് പോകാൻ വിസമ്മതിച്ചിട്ടുണ്ട്.എന്നാൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മൂന്ന് കേസുകളിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മൊഴി തങ്ങളുടേതല്ലെന്നും ഇതേക്കുറിച്ച് അറിയില്ലെന്നും അതിജീവിതർ എന്ന് കരുതിയവർ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ യഥാർത്ഥ അതിജീവിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. തുടർന്നാണ് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്നും അന്വേഷണം പുരോഗമിക്കട്ടെയെന്നും കോടതി വ്യക്തമാക്കിയത്. കേസിന്റെ കാര്യത്തിൽ സർക്കാർ നന്നായി സഹകരിക്കുന്നുണ്ടെന്നും കോടതി അറിയിച്ചു.
സർക്കാർ രൂപീകരിക്കുന്ന പുതിയ സിനിമാ നയത്തിന് ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് കൂടിയുള്ളത് നല്ലതായിരിക്കുമെന്ന് കോടതി പറഞ്ഞു. സിനിമാ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. കൾച്ചറൽ അക്കാദമി ഫോർ പീസ് എന്ന സന്നദ്ധ സംഘടനയും ഇതുസംബന്ധിച്ചു കരട് തയാറാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കി. കേസ് വീണ്ടും 21ന് പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.