തേഞ്ഞിപ്പലം(മലപ്പുറം): ചേളാരി മുതല്‍ കോഹിനൂര്‍ വരെ എന്‍.എച്ച് 66ലെ ആറുവരിപ്പാത ഇരു ദിശയിലേക്കും പൂര്‍ണമായി തുറന്നു. ആറുവരിപ്പാതയിലൂടെ വണ്ടികള്‍ ഓടിത്തുടങ്ങി. കാലങ്ങളായുള്ള ജനകീയാവശ്യമായ അടിപ്പാതയില്ലാതെയാണ് പാത തുറന്നിട്ടുള്ളത്.
ഞായറാഴ്ച രാത്രി ചേളാരി എന്‍.എച്ച്. അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് പരിസരം മുതല്‍ ചെട്ടിയാര്‍മാട് അങ്ങാടി വരെയുള്ള ഭാഗമാണ് തുറന്നത്. ഇതോടെ അടിപ്പാതയ്ക്കു വേണ്ടിയുള്ള പ്രദേശവാസികളുടെ ആവശ്യങ്ങളും പ്രക്ഷോഭങ്ങളും ഫലം കാണാതായി.
പാണമ്പ്ര-കോഹിനൂര്‍-യൂണിവേഴ്സിറ്റി-ചെട്ടിയാര്‍മാട് എന്നീ പ്രദേശങ്ങളിലൂടെ കോഴിക്കോട് ഭാഗത്തേക്കുള്ള പാതയാണ് ഇപ്പോള്‍ തുറന്നത്. ഈ ഭാഗങ്ങളിലെ സര്‍വീസ് റോഡിലെ തിരക്ക് ഇതോടെ ഒഴിഞ്ഞു. ഈ ഭാഗങ്ങളിലേക്ക് പോകുന്ന വണ്ടികള്‍ മേലെ ചേളാരിയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കണം. പിന്നീട് കാക്കഞ്ചേരിയില്‍ മാത്രമേ സര്‍വീസ് റോഡിലേക്ക് കടക്കാനാകൂ.
തൃശ്ശൂര്‍ ഭാഗത്തേക്കുള്ള പാതയുടെ പണികള്‍ കഴിയുന്നതോടെ റോഡ് കൂടുതല്‍ സജീവമാകും. പടിക്കല്‍ മുതല്‍ പാത മാസങ്ങള്‍ക്ക് മുന്‍പേ തുറന്നിരുന്നു. കാക്കഞ്ചേരി വളവിലെ പണികൂടി കഴിയുന്നതോടെ ജില്ലാ അതിര്‍ത്തിവരെ ആറുവരിപ്പാതയിലൂടെ സഞ്ചരിക്കാനാവും.
നിരന്തരം അപകടങ്ങള്‍ നടന്നിരുന്ന പാണമ്പ്രയിലെ വളവ് പുതിയ പാത വന്നതോടെ ഇല്ലാതായതാണ് വലിയ മാറ്റം. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് ഭാഗത്തേയും വളവ് ഇല്ലാതായി.
പാണമ്പ്ര വളവില്‍ പലപ്പോഴായി ഉണ്ടായിട്ടുള്ള നൂറുകണക്കിന് അപകടങ്ങളില്‍ അമ്പതിലേറെ പേര്‍ക്കാണ് ജീവന് നഷ്ടമായിട്ടുള്ളത്. 2012 -ല്‍ നടന്ന നടന് ജഗതി ശ്രീകുമാറിന്റെ അപകടത്തോടെ ഇവിടത്തെ ഡിവൈഡറിന്റെ അപകടാവസ്ഥയെപ്പറ്റി ജനങ്ങള്‍ കൂടുതല്‍ അറിയാനും ശ്രദ്ധിക്കാനും ഇടയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.