കൊച്ചി: തനിക്കുണ്ടായ അനുഭവം നാളെ മറ്റു പെൺകുട്ടികൾക്ക് ഉണ്ടാകരുതെന്ന് കരുതിയാണ് നടന്മാർക്കെതിരെ പരാതിയുമായി രംഗത്തു വന്നതെന്ന് ആലുവയിലെ നടി. വധഭീഷണി വരെ ഉണ്ടായിട്ടും തളർന്നില്ല. പക്ഷേ, പോക്‌സോ കേസ് വന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം.
തന്റെ അമ്മയുടെ സ്വന്തം അനുജത്തിയുടെ മകളാണ് കേസ് നൽകിയത്. ആ കുട്ടിക്ക് ആരാണ് കാശ് കൊടുത്ത് ഇങ്ങനെ പറയിപ്പിച്ചതെന്ന് പൊലീസ് തെളിയിക്കണം. പോക്‌സോ കേസുമായി ബന്ധപ്പെട്ട് പൊലീസുകാർ ഇതുവരെ തന്നെ വിളിച്ചിട്ടില്ല. കൂടുതൽ അന്വേഷണത്തിനായി പ്രധാനമന്ത്രിക്ക് വരെ പരാതി അയച്ചുവെന്നും നടി പറഞ്ഞു.''ഇതുപോലെ കല്ലുവച്ച നുണ ഒരു പെൺകുട്ടിയും പറയാൻ പാടില്ല. അവർ സ്വന്തം മകളുടെ തലയിൽ കൈവച്ച് പറയട്ടെ ഞാൻ അത് ചെയ‌്തുവെന്ന്. ഇങ്ങനൊരു കള്ളം പറയുമ്പോൾ അതിൽ എന്തെങ്കിലും സത്യമുണ്ടോയെന്ന് ആദ്യം അന്വേഷിക്കണം. എന്നെപ്പോലൊരു നിരപരാധിയെ വെറുതെ ക്രൂശിക്കരുത്. ഞാൻ പൊതുജനങ്ങൾക്കും മീഡിയക്കും വേണ്ടി ഇറങ്ങിയതാണ്. എന്നിട്ടും അവരാരും എന്റെ കൂടെ നിന്നില്ല.
ഞാൻ സോഷ്യൽ മീഡിയയിൽ വളരെ ഫേമസ് ആയിട്ടുള്ള ആളാണ്. അത്തരം പരിപാടികളൊന്നും എനിക്ക് പറ്റില്ലെന്ന് ഇവിടുത്തെ മീഡിയ വിചാരിക്കണമായിരുന്നു. എനിക്കെതിരെ പരാതി നൽകിയ ബന്ധുവിന്റെ ബാക്ക് ഗ്രൗണ്ട് എന്തുകൊണ്ട് അന്വേഷിച്ചില്ല? ഈ കേസിൽ എനിക്ക് സർക്കാരിന്റെ പിന്തുണ വേണം. എന്നെ സർക്കാർ ചേർത്തുപിടിക്കണം''. മൂന്ന് ദിവസം കാത്തിരിക്കും. ഇല്ലെങ്കിൽ പരാതി പിൻവലിക്കുമെന്നും നടി വ്യക്തമാക്കി.
സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, മണിയൻപിള്ള രാജു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേർക്കെതിരേ നൽകിയ പരാതി പിൻവലിക്കുന്നതായി ആലുവയിലെ നടി രാവിലെയാണ് മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
സർക്കാരിൽനിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽനിന്ന് പിൻവാങ്ങുന്നതായി ഇവർ അറിയിച്ചത്. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിൻമാറ്റം. നടൻമാർക്ക് പുറമെ ചലച്ചിത്രമേഖലയിലെ നോബിൾ, ബിച്ചു എന്നിവരും കോൺഗ്രസ് അഭിഭാഷക സംഘടനയിലെ അഡ്വ.ചന്ദ്രശേഖരൻ എന്നിവർക്കെതിരായിരുന്നു കേസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.