മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) ടെർമിനൽ 1 കൺട്രോൾ റൂമിൽ ഇന്നലെ ഉച്ചയോടെയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം ലഭിച്ചത്.
മുഹമ്മദ് എന്നയാൾ സ്ഫോടക വസ്തുക്കളുമായി അസർബൈജാനിലേക്ക് പോവുന്നുണ്ട് എന്നാണ് വിളിച്ചയാൾ പറഞ്ഞത്. എന്നാൽ ഫ്ലൈറ്റ് വിശദാംശങ്ങൾ അയാൾ വെളിപ്പെടുത്തിയിരുന്നില്ല. ഉടൻതന്നെ കൂടുതൽ പൊലീസ് സേനയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.
വിമാനത്താവളത്തിലേക്ക് വിളിച്ച വ്യക്തി ആരെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ. മുൻകരുതൽ നടപടിയെന്ന നിലയിൽ വിമാനത്താവളത്തിലെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. അടുത്തിടെയായി വിമാനങ്ങൾക്കുനേരെയുള്ള വ്യാജ ബോംബുഭീഷണികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുകയാണ്.
ഭീഷണിയുമായി ബന്ധപ്പെട്ട് മുപ്പത്തഞ്ചുകാരനെ നാഗ്പൂർ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ജഗദീഷ് എന്നയാളാണ് പിടിയിലായത്. ഇയാൾ നേരത്തേയും ചില കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഭീഷണി സന്ദേശം അയച്ചത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. സന്ദേശം അയച്ച ഇ മെയിൽ ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് അറസ്റ്റെന്നാണ് പൊലീസ് പറയുന്നത്.
ഭീഷണി സന്ദേശങ്ങൾ പതിവായതോടെ വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്. എന്നാൽ സന്ദേശങ്ങളെത്തുടർന്നുളള പരിശോധനകളിൽ അസ്വാഭാവികമായ ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സന്ദേശങ്ങൾ മനഃപൂർവം ആശങ്ക സൃഷ്ടിക്കാൻ വേണ്ടി ചെയ്യുന്നതാണോ എന്നും സംശയമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.