ദില്ലി: മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരും.
50 കമ്പിനി കേന്ദ്ര സേനയെ കൂടി മണിപ്പൂരില്‍ വിന്യസിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി ഇംഫാലിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്.എന്‍ഐഎ ഏറ്റെടുത്ത കേസുകളില്‍ വൈകാതെ അന്വേഷണം തുടങ്ങും. സംഘര്‍ഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന സംഭവങ്ങളിലെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, എന്‍പിപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബിജെപിയിലെ കൂട്ട രാജിയും കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
അമിത്ഷായെ സാഹചര്യം ഏറെ സങ്കീര്‍ണ്ണമാണെന്ന് ഇന്നലത്തെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു. 5000 അംഗങ്ങള്‍ ഉള്ള 50 കമ്പിനി കേന്ദ്രസേനയെ കൂടി ഉടന്‍ വിന്യസിക്കാനാണ് തീരുമാനിച്ചത്. ആഭ്യന്തരമന്ത്രാലയം സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും. മണിപ്പൂർ പൊലീസില്‍ നിന്ന് 3 പ്രധാന കേസുകളാണ് എന്‍ഐഎ ഏറ്റെടുത്തത്.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് 8 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും, മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമം എന്നിവ അന്വേഷിക്കാനാണ് തീരുമാനം.
സാഹചര്യം ഇത്രത്തോളം വഷളായിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. എന്തോ ചില കാരണങ്ങളാല്‍ അമിത് ഷാക്ക് മുന്നിലും തടസങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.സംഘര്‍ഷം സാഹചര്യം നിയന്ത്രിക്കുന്നിലെ സര്‍ക്കാരിന്റെ പിടിപ്പുകേടാണ് രാജിക്ക് കാരണമെന്ന് എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊണ്‍റാഡ് സാംഗ്മ തുറന്നടിച്ചു.
എന്‍പിപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ജിരിബാമിലെ 8 പ്രധാന ജില്ലാ നേതാക്കള്‍ രാജിവെച്ചതും ബിജെപിക്ക് കനത്ത തിരിച്ചടിയായി. ബിരേന്‍ സിംഗ് സര്‍ക്കാരിനെതിരെ രാജിക്കത്തില്‍ നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. എംഎല്‍എമാരുടെ യോഗം വിളിച്ച് ബിരേന്‍ സിംഗ് പിന്തുണ തേടിയതും അനിശ്ചിതത്വത്തിന്റെ തെളിവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.