ശബരിമല: ശബരിമലയില്‍ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ വൻവർധന. മണ്ഡലകാലം ആരംഭിച്ച് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ കഴിഞ്ഞ വർഷത്തേക്കാള്‍ അഞ്ച് കോടിയോളം രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നാണ് ദേവസ്വം ബോർഡിന്റെ അനൗദ്യോഗിക കണക്ക്.
തീർഥാടകരുടെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം തീർഥാടകരാണ് ഈ സീസണില്‍ ശബരിമലയില്‍ എത്തിയത്. വൃശ്ചികം ഒന്ന് മുതല്‍ അഞ്ച് ദിവസത്തില്‍ 3,17,923 പേര് ദർശനം നടത്തി. കഴിഞ്ഞ വർഷം ഇത് രണ്ട് ലക്ഷത്തോളമായിരുന്നു.തിരക്ക് തുടരുമ്പോഴും തീർഥാടകർക്ക് സുഗമമായി ദർശനം നടത്താനാകുന്നത് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നടത്തിയിട്ടുള്ള മുന്നൊരുക്കങ്ങളുടെയും ക്രമീകരണങ്ങളുടെയും വിജയമാണ്. ദിവസം 18 മണിക്കൂറാണ് ദർശന സമയം.
വെർച്യുല്‍ ക്യു വഴി ഭക്തർ കൃത്യസമയം പാലിക്കുന്നതും പതിനെട്ടാംപടിയില്‍ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും നേട്ടമായി. പതിനെട്ടാം പടിയില്‍ ഒരു മിനിറ്റില്‍ 80 തീർഥാടകരെയാണ് കയറ്റി വിടുന്നത്.
ഒരേ സമയം 15 ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. 15 മിനിറ്റ് ജോലി അര മണിക്കൂർ വിശ്രമം എന്ന തരത്തില്‍ പതിനെട്ടാം പടിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്.
നടപ്പന്തലിലും ഏറെ നേരം കാത്ത് നില്‍ക്കേണ്ടിവരുന്നില്ല. പാർക്കിങ്, കുടിവെള്ള, വിശ്രമ സംവിധാനങ്ങള്‍ എല്ലാം മികച്ച രീതിയില്‍ ക്രമീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.