ബംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്മെൻ്റില്‍ അസം സ്വദേശിയായ വ്ളോഗർ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയ് പിടിയില്‍.
കർണാടക പോലീസാണ് ആരവിനെ പിടികൂടിയത്. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും. എന്നാല്‍, എവിടെ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല.കണ്ണൂർ തോട്ടട സ്വദേശിയാണ് 21-കാരനായ ആരവ്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡൻ്റ് കൗണ്‍സലറായി ജോലിചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട 19-കാരിയായ മായയുമായി ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു ആരവ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും ബന്ധത്തിലുണ്ടായ പ്രശ്നങ്ങളായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ചൊവ്വാഴ്ച്ചയാണ് ഇന്ദിരാനഗർ സെക്കൻഡ് സ്റ്റേജിലെ റോയല്‍ ലിവിങ്സ് സർവീസ് അപ്പാർട്മെൻ്റില്‍ മായയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലില്‍ കിടക്കുന്നനിലയിലാണ് മായയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
നെഞ്ചിലും തലയിലും മുറിവുകളുണ്ടായിരുന്നു. നെഞ്ചില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. യുവതിയുടെ മൊബൈല്‍ ഫോണും മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.മായയും ആരവും 23-ാം തീയതി വൈകീട്ടോടെയാണ് സർവീസ് അപ്പാർട്മെൻ്റില്‍ മുറിയെടുത്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയില്‍ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് പുറത്തുപോയത്.
ഇതിനുപിന്നാലെ മുറിയില്‍നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാർ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും തലയിലും ഉള്‍പ്പെടെ പരിക്കേറ്റ് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കൊല നടത്തുകയെന്ന ഉദ്ദേശ്യത്തോടെ ആരവ് കത്തി കരുതിയിരുന്നതായും പ്ലാസ്റ്റിക് കയർ ഓണ്‍ലൈൻ വഴി വാങ്ങിയതായും പോലീസ് കണ്ടെത്തിയിരുന്നു. താമസസ്ഥലത്തുനിന്ന് ആരവ് രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. അവസാനമായി യാത്രചെയ്ത കാറിന്റെ ഡ്രൈവറേയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ഞായറാഴ്ച അർധരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആരവ് അവിടെനിന്ന് ഇറങ്ങിയത്. മറ്റാരും അപ്പാർട്മെൻ്റിലേക്ക് വരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ സൂചനയില്ല.
സഹോദരിക്കൊപ്പമാണ് മായ ബെംഗളൂരുവില്‍ താമസിച്ചിരുന്നത്. ഓഫീസില്‍ പാർട്ടിയുള്ളതിനാല്‍ വെള്ളിയാഴ്ച വീട്ടില്‍ വരില്ലെന്ന് അവർ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു. ശനിയാഴ്ചയും വീട്ടിലേക്ക് വരുന്നില്ലെന്ന് സന്ദേശം അയച്ചിരുന്നു.
ഗുവാഹാട്ടി കൈലാഷ് നഗർ സ്വദേശിനിയായ മായ ഗൊഗോയ് ജയനഗറിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയാണ്. ഇതിനുപുറമേ വ്ളോഗർ കൂടിയാണ് യുവതി. സാമൂഹികമാധ്യമങ്ങളില്‍ മായ ഗൊഗോയിക്ക് ഒട്ടേറെ ഫോളോവേഴ്സുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.